പുതിയ ഡാം, പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് തടയാൻ താലിബാൻ ഭരണകൂടം

പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ബ്രോഗിൽചുരത്തോട് ചേർന്നുള്ള ഹിന്ദുകുഷ് പർവതനിരകളിൽ നിന്നാണ് കുനാർ നദി ഉത്ഭവിക്കുന്നത്

Oct 24, 2025 - 22:08
Oct 24, 2025 - 22:08
 0
പുതിയ ഡാം, പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് തടയാൻ താലിബാൻ ഭരണകൂടം

ന്യൂഡൽഹി∙ പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് തടയാൻ ഇന്ത്യ സിന്ധുനദീജല കരാർ റദ്ദാക്കിയതിൻ്റെ മാതൃക പിന്തുടരാൻ അഫ്ഗാനിസ്ഥാൻ ഭരണകൂടം. കുനാർ നദിയിൽ ഡാം നിർമിച്ച് പാകിസ്ഥാനിലേക്കുള്ള വെള്ളം എത്രയും പെട്ടെന്ന് തടയാൻ താലിബാൻ ഭരണകൂടം ഉത്തരവിട്ടു. ജലവിഭവ മന്ത്രി മുല്ല അബ്ദുൽ ലത്തീഫ് മൻസൂർ 'എക്‌സി'ലൂടെയാണ് (മുമ്പ് ട്വിറ്റർ) ഇക്കാര്യം സ്ഥിരീകരിച്ചത്.

അഫ്ഗാനിസ്ഥാനും പാകിസ്ഥാനും അതിർത്തി മേഖലയിൽ നിരന്തരം ഏറ്റുമുട്ടലുകൾ നടക്കുന്നതിനിടെയാണ് ഈ നിർണായക നീക്കം. ഡാം നിർമാണത്തിനായി വിദേശ കമ്പനികളെ കാത്തിരിക്കാതെ ആഭ്യന്തര കമ്പനികളുമായി ചർച്ചകൾ നടത്താൻ മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.

പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ബ്രോഗിൽചുരത്തോട് ചേർന്നുള്ള ഹിന്ദുകുഷ് പർവതനിരകളിൽ നിന്നാണ് കുനാർ നദി ഉത്ഭവിക്കുന്നത്. പാകിസ്ഥാനിലെ കാബൂൾ നദിയിൽ ചേരുന്ന പ്രധാന നദിയാണിത്. കുനാറിൽ നിന്നുള്ള ജലം കുറയുന്നത് പാക് മേഖലകളിലെ ജലലഭ്യതയെ സാരമായി ബാധിക്കും.

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ സിന്ധുനദീജല കരാർ റദ്ദാക്കിയത്. ഏപ്രിൽ 22-ന് നടന്ന ആക്രമണത്തിൽ 26 സാധാരണക്കാർ കൊല്ലപ്പെട്ടതിനെത്തുടർന്ന്, മൂന്ന് നദികളുടെ ജലം പങ്കിടുന്ന സിന്ധു നദീജല ഉടമ്പടി ഇന്ത്യ താത്കാലികമായി മരവിപ്പിക്കുകയായിരുന്നു. ഈ നടപടിയാണ് ഇപ്പോൾ അഫ്ഗാനിസ്ഥാനും മാതൃകയാക്കിയിരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow