ഇന്ത്യക്കാര്‍ക്ക് സന്തോഷവാര്‍ത്ത; വിസയില്ലാതെ മലേഷ്യയിലേക്ക് യാത്ര ചെയ്യാം
വിസയില്ലാതെ 30 ദിവസം മലേഷ്യ സന്ദര്‍ശിക്കാന്‍ കഴിയും...

സിജി സോയി
ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ക്കുള്ള വിസ ഇളവ് രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടി മലേഷ്യ. മലേഷ്യന്‍ ആഭ്യന്തമന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഉത്തവിറക്കിയത്. 2026 വരെയാണ് ആനുകൂല്യം നീട്ടിയത്. 2026 ഡിസംബര്‍ 31 വരെ ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ 30 ദിവസം മലേഷ്യ സന്ദര്‍ശിക്കാന്‍ കഴിയും. അസിയാന്‍ രാജ്യങ്ങളുടെ സംഘടനയുടെ അധ്യക്ഷത മലേഷ്യ 2025 ല്‍ വഹിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഇളവ് അനുവദിച്ചതെന്ന് ആഭ്യന്തര സെക്രട്ടറി ദാതുക് അവാങ് അലിക് ജെമന്‍ പറഞ്ഞു.
കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനും മലേഷ്യയുടെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും വേണ്ടിയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇന്ത്യ, ചൈന എന്നീ രാജ്യക്കാര്‍ക്ക് വേണ്ടി കഴിഞ്ഞ വര്‍ഷമാണ് സൗജന്യ സന്ദര്‍ശക വീസ ഏര്‍പ്പെടു ത്തിയത്.ഏറ്റവും കൂടുതല്‍ ആളുകള്‍ സഞ്ചരിക്കാന്‍ താല്‍പര്യപ്പെടുന്ന ഏഷ്യന്‍ രാജ്യങ്ങളിലൊന്നാണ് മലേഷ്യ. മലേഷ്യയിലെ വിനോദസഞ്ചാര വ്യവസായത്തിന് ഇന്ത്യന്‍ യാത്രക്കാരുടെ പങ്ക് നിര്‍ണായകമാണ്.
2019 ലെ കണക്കുകള്‍ പ്രകാരം 7,35,000-ത്തിലധികം ഇന്ത്യക്കാരാണ് മലേഷ്യ സന്ദര്‍ശിച്ചത്. വിസ ഇളവ് ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് മലേഷ്യയില്‍ ഇന്ത്യന്‍ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ശ്രദ്ധേയമായ കുതിച്ചുചാട്ടമാണ് ഉണ്ടായത്. ഈ വര്‍ഷം എത്തിയവരുടെ എണ്ണം പത്തുലക്ഷം കവിഞ്ഞു. 2024 ജനുവരി മുതല്‍ നവംബര്‍ വരെ ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ വരവ് 10,09,114 ആയി. 2023 ലെ ഇതേ കാലയളവില്‍ 5,87,703 ഉം 2019 ല്‍ 6,86,338 ഉം ആയിരുന്നു. 2019 നെ അപേക്ഷിച്ച് 47% വര്‍ദ്ധനയും മുന്‍ വര്‍ഷത്തേക്കാള്‍ 71.7% വര്‍ദ്ധനയുമാണ് ഉണ്ടായത്.
What's Your Reaction?






