എം.ടി വിടവാങ്ങുമ്പോൾ അസ്തമിക്കുന്നത് മലയാള സാഹിത്യത്തിലെ ഒരു യുഗമാണ് !
അസംതൃപ്തമായ ആത്മാവിന് വല്ലപ്പോഴും വീണു കിട്ടുന്ന ആഹ്ളാദത്തിന്റെ അസുലഭ നിമിഷങ്ങൾക്കു വേണ്ടി, സ്വാതന്ത്ര്യത്തിനു വേണ്ടി ഞാൻ എഴുതുന്നു.

ശ്രുതി ഭവാനി
മലയാളത്തിന്റെ പ്രിയ കഥാകാരൻ എം.ടി വാസുദേവൻ നായർ വിടവാങ്ങുമ്പോൾ അസ്തമിക്കുന്നത് മലയാള സാഹിത്യത്തിലെ ഒരു യുഗമാണ്. ജീവിതഗന്ധിയായ കഥകൾ കൊണ്ട് മലയാളിയുടെ മനസ്സ് നിറച്ച കഥാകാരൻ.
ലളിതമായ എഴുത്തിനെ പിന്തുടർന്ന അദ്ദേഹത്തിൻ്റെ തൂലികയിൽ നിന്നും പിറന്നു വീണത് നിരവധി ചെറുകഥകളും നോവലുകളും തിരക്കഥകളും. യാത്രാവിവരണത്തിലും ബാലസാഹിത്യത്തിലും വിവർത്തനത്തിലും നാടകത്തിലും എം.ടിയുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്.
തനിക്ക് ഒരിക്കലും ഒരു കവി ആകാൻ കഴിയില്ലെന്നും എത്ര ശ്രമിച്ചാലും കവിതയെഴുതാൻ കഴിയില്ലെന്നും ഒരിക്കൽ എം.ടി പറഞ്ഞിട്ടുണ്ട്. എന്നാൽ കവിതയെക്കാൾ മനോഹരമായ കഥകളിലൂടെ എം.ടി മലയാളികളുടെ ഹൃദയങ്ങളിൽ ഭാഷയുള്ളിടത്തോളം ജീവിക്കും.
തൊടുന്നതെല്ലാം പൊന്നാക്കുന്ന എം.ടിയുടെ തിരക്കഥയിൽ വിരിഞ്ഞ ചലച്ചിത്രങ്ങളും അഭ്രപാളികളിൽ വിസ്മയം വിരിയിച്ചു. നാല് കെട്ടും രണ്ടാമൂഴവും എം.ടി എന്ന എഴുത്തുകാരൻ മലയാള ഭാഷക്ക് നൽകിയ മണിമുത്തുകളാണ്.
അസംതൃപ്തമായ ആത്മാവിന് വല്ലപ്പോഴും വീണു കിട്ടുന്ന ആഹ്ളാദത്തിന്റെ അസുലഭ നിമിഷങ്ങൾക്കു വേണ്ടി, സ്വാതന്ത്ര്യത്തിനു വേണ്ടി ഞാൻ എഴുതുന്നു. ആ സ്വാതന്ത്ര്യമാണ് എൻറെ അസ്ഥിത്വം അതില്ലെങ്കിൽ ഞാൻ കണക്കിലെ ഒരക്കം മാത്രമാണ് എന്ന് അദ്ദേഹം കാഥികന്റെ പണിപ്പുരയിൽ പറയുന്നു.
"മഞ്ഞ് എന്ന പുസ്തകത്തിൽ എം.ടി പറഞ്ഞിരിക്കുന്നത് പോലെ നാളെയുടെയും ഇന്നലെയുടെയും മധ്യത്തിൽ ഒഴിവുകാലം കടന്നു പോകുന്നു.." അതെ തന്റെ ഒഴിവുകാലം മനോഹരമായി പൂർത്തിയാക്കി അദ്ദേഹം മടങ്ങിയിരിക്കുന്നു. കാലം മായ്ക്കാത്ത മലയാളത്തിൻറെ സുകൃതത്തിന് പ്രണാമം.
What's Your Reaction?






