പറവൂരിൽ തീപാറുന്ന പോരാട്ടം; വി.ഡി. സതീശനെതിരെ ഇ.ടി. ടൈസൺ മാസ്റ്റർ; ഇടതുമുന്നണിയുടെ അപ്രതീക്ഷിത നീക്കം
കൈപ്പമംഗലം മണ്ഡലത്തിൽ രണ്ട് ടേം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് ടൈസൺ മാസ്റ്ററെ പറവൂരിലേക്ക് മാറ്റാൻ പാർട്ടി തീരുമാനിച്ചത്
കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പറവൂർ മണ്ഡലത്തിൽ കരുത്തുറ്റ പോരാട്ടത്തിനൊരുങ്ങി ഇടതുമുന്നണി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സി.പി.ഐ സ്ഥാനാർത്ഥിയായി കൈപ്പമംഗലം എം.എൽ.എ ഇ.ടി. ടൈസൺ മാസ്റ്റർ മത്സരിക്കും. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് ഇദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കാൻ ധാരണയായത്.
കൈപ്പമംഗലം മണ്ഡലത്തിൽ രണ്ട് ടേം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് ടൈസൺ മാസ്റ്ററെ പറവൂരിലേക്ക് മാറ്റാൻ പാർട്ടി തീരുമാനിച്ചത്. സതീശന്റെ വിജയത്തുടർച്ചയ്ക്ക് തടയിടാൻ ഏറ്റവും അനുയോജ്യനായ സ്ഥാനാർത്ഥി ഇദ്ദേഹമാണെന്നാണ് സി.പി.ഐയുടെ വിലയിരുത്തൽ.
2001 മുതൽ കഴിഞ്ഞ കാൽനൂറ്റാണ്ടായി പറവൂരിനെ പ്രതിനിധീകരിക്കുന്നത് വി.ഡി. സതീശനാണ്. തുടർച്ചയായ ആറാം വിജയമാണ് അദ്ദേഹം ഇക്കുറി ലക്ഷ്യമിടുന്നത്. 2021-ൽ സി.പി.ഐയിലെ എം.ടി. നിക്സണെ 21,301 വോട്ടുകൾക്കാണ് സതീശൻ പരാജയപ്പെടുത്തിയത്.
ശക്തനായ ജനകീയ മുഖത്തെ രംഗത്തിറക്കുന്നതിലൂടെ സതീശന്റെ കോട്ട തകർക്കാമെന്ന് ഇടതുമുന്നണി കണക്കുകൂട്ടുന്നു. കൈപ്പമംഗലത്തെ വികസന നേട്ടങ്ങളും ടൈസൺ മാസ്റ്ററുടെ വ്യക്തിപ്രഭാവവും വോട്ടായി മാറുമെന്നാണ് പാർട്ടി പ്രതീക്ഷ.
What's Your Reaction?