പാക്കിസ്ഥാനിൽ ചാവേർ ആക്രമണം; 15 പേർ കൊല്ലപ്പെട്ടു, 12 ഭീകരരെ വധിച്ചു

Jul 24, 2026 - 22:15
Jul 24, 2026 - 22:15
 0
പാക്കിസ്ഥാനിൽ ചാവേർ ആക്രമണം; 15 പേർ കൊല്ലപ്പെട്ടു, 12 ഭീകരരെ വധിച്ചു

ഇസ്‌ലാമാബാദ് ∙ വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിൽ സുരക്ഷാ ചെക്ക് പോസ്റ്റിന് നേരെ സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഇടിച്ചുകയറ്റി നടത്തിയ ചാവേർ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ 12 സൈനികരും രണ്ട് പൊലീസുകാരും ഒരു വനംവകുപ്പ് ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു.

വ്യാഴാഴ്ച രാത്രിയുണ്ടായ ആക്രമണത്തിന് പിന്നാലെ സുരക്ഷാസേന നടത്തിയ തിരിച്ചടിയിൽ 12 ഭീകരരെ വധിച്ചതായി പാക്കിസ്ഥാൻ സൈന്യം അറിയിച്ചു.

അഫ്ഗാനിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ടാങ്ക് ജില്ലയിലാണ് ആക്രമണം നടന്നത്. ചെക്ക് പോസ്റ്റിന്റെ സുരക്ഷാ വളയം ഭേദിക്കാൻ കഴിയാതിരുന്നതിനെ തുടർന്ന് സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഇടിച്ചുകയറ്റുകയായിരുന്നുവെന്ന് സൈന്യം വ്യക്തമാക്കി.

ശക്തമായ സ്ഫോടനത്തിൽ ചെക്ക് പോസ്റ്റിനും സമീപത്തെ കെട്ടിടങ്ങൾക്കും ഗുരുതര നാശനഷ്ടമുണ്ടായി.

ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാൻ താലിബാൻ (ടിടിപി) ഏറ്റെടുത്തു. നാല് ചാവേറുകൾ ആക്രമണത്തിൽ പങ്കെടുത്തതായി സംഘടന പ്രസ്താവനയിൽ അവകാശപ്പെട്ടു.

അടുത്ത മാസങ്ങളിലായി വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിൽ ഭീകരാക്രമണങ്ങൾ വർധിച്ചിരിക്കുകയാണ്. അഫ്ഗാനിസ്ഥാനിലെ സുരക്ഷിത താവളങ്ങൾ ഉപയോഗിച്ചാണ് ഭീകരർ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതെന്ന് പാക്കിസ്ഥാൻ ആരോപിക്കുന്നുണ്ടെങ്കിലും, ഇത് തള്ളുന്ന അഫ്ഗാൻ ഭരണകൂടം പ്രശ്നം പാക്കിസ്ഥാന്റെ ആഭ്യന്തര വിഷയമാണെന്നാണ് പ്രതികരിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow