തിരുവനന്തപുരം: കവി കെ ജി ശങ്കരപിള്ളക്ക് എഴുത്തച്ഛൻ പുരസ്‌കാരം. 5 ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം. കേരള സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്‌കാരമാണിത്.
സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പ്രഖ്യാപനം നടത്തിയത്. മലയാള കവിതാനുഭവത്തെ ആധുനിക ആവിഷ്കാരത്തിൽ വ്യത്യസ്തമാക്കിയ കവികളിൽ പ്രധാനിയെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കവിതയുടെ സംക്രമണ കാലത്തിന് ശോഭയേകിയ കവിയാണ് കെ ജി ശങ്കരപിള്ളയെന്ന് പുരസ്‌കാര സമിതി പറഞ്ഞു.
എന്‍ എസ് മാധവന്‍ ചെയര്‍മാനായ ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. മലയാളത്തിലെ ശ്രദ്ധേയനായ കവിയും സാഹിത്യ നിരൂപകനുമാണ് കെ ജി ശങ്കരപിള്ള. കേരള, കേന്ദ്ര സാഹിത്യ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 1970-കളിൽ ബംഗാൾ എന്ന കവിതയിലൂടെ ശ്രദ്ധേയനായി. എറണാകുളം മഹാരാജാസ് കോളെജ് പ്രിൻസിപ്പൽ ആയിരുന്നു.