സിനിമാ സംഗീത ലോകത്ത് ശ്രദ്ധേയയായി ശ്യാമ കളത്തിൽ
സംഗീതചക്രവർത്തി നെയ്യാറ്റിൻകര വാസുദേവന്റെ പ്രിയ ശിഷ്യയായ ശ്യാമ, സ്വാതി തിരുന്നാൾ സംഗീത കോളേജിൽ നിന്ന് ഗാനഭൂഷണവും ഗാനപ്രവീണയും നേടി
                                തൃശ്ശൂർ: മലയാള സിനിമാ സംഗീത ലോകത്ത് പുതിയൊരു സംഗീതപ്രതിഭയായി ശ്യാമ കളത്തിൽ ശ്രദ്ധേയയാകുകയാണ്. പ്രശസ്ത സംവിധായകൻ ബെന്നി പി. തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ “സൃഷ്ടി സ്ഥിതി സംഹാരം” എന്ന ചിത്രത്തിലൂടെയാണ് ശ്യാമ കളത്തിൽ സിനിമാ സംഗീതലോകത്തേക്ക് പ്രവേശിക്കുന്നത്.
വയലാർ ശരത്‌ചന്ദ്രവർമ്മ രചിച്ച ഗാനത്തിന് സംഗീതം നിർവ്വഹിക്കുകയും, അതേ ഗാനം ആലപിക്കുകയും ചെയ്തതോടെയാണ് ശ്യാമ കളത്തിൽ ഈ ചിത്രത്തിലൂടെ ശ്രദ്ധ നേടുന്നത്.
സംഗീതചക്രവർത്തി നെയ്യാറ്റിൻകര വാസുദേവന്റെ പ്രിയ ശിഷ്യയായ ശ്യാമ, സ്വാതി തിരുന്നാൾ സംഗീത കോളേജിൽ നിന്ന് ഗാനഭൂഷണവും ഗാനപ്രവീണയും നേടി. തുടർന്ന് പരമശിവ മേനോന്റെ കീഴിൽ സംഗീതം അഭ്യസിച്ച് സംഗീതത്തിലെ നാട്ടുവാങ്കം നേടിയെടുത്തു.
ആകാശവാണിയിലൂടെ നിരവധി ലളിതഗാനങ്ങൾ ആലപിച്ച് സംഗീതപ്രേമികളുടെ മനസ്സിൽ ഇടം നേടിയ ശ്യാമ, വിവിധ സംഗീത കച്ചേരികളിലും സജീവ സാന്നിധ്യമാണ്. വിദേശത്തും നാട്ടിലുമായി നിരവധി സംഗീത സ്റ്റേജ് പ്രോഗ്രാമുകൾ സംഘടിപ്പിച്ച്, സംഗീതലോകത്ത് കൂടുതൽ ശ്രദ്ധ നേടുകയും ചെയ്തു.
ലളിതഗാനം, ഭക്തിഗാനം, സംഗീത പാരായണം തുടങ്ങിയ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള ശ്യാമ കളത്തിൽ, ഇപ്പോൾ “സൃഷ്ടി സ്ഥിതി സംഹാരം” എന്ന ചിത്രത്തിലൂടെ സിനിമാ സംഗീതലോകത്തേക്ക് കടന്നുവന്നിരിക്കുന്നു.
സിനിമാ ലോകത്ത് ഗായികയായും സംഗീതസംവിധായികയായും നിലപാടുറപ്പിക്കാനാണ് തന്റെ ആഗ്രഹമെന്ന് ശ്യാമ കളത്തിൽ വ്യക്തമാക്കി. അതിനായി ആത്മാർത്ഥമായി പ്രവർത്തിക്കുമെന്നും ശ്യാമ കൂട്ടിച്ചേർത്തു.
What's Your Reaction?
                    
                
                    
                
                    
                
                    
                
                    
                
                    
                
                    
                

