മണിയുടെ സ്വപ്നം പൂവണിഞ്ഞു; ശ്രീലക്ഷ്മി ഇനി ഡോക്ടർ; അച്ഛന്റെ ആഗ്രഹം സഫലമാക്കി മകൾ
മകളെ ഡോക്ടറാക്കണമെന്ന കലാഭവൻ മണിയുടെ വലിയ സ്വപ്നം മകൾ ശ്രീലക്ഷ്മി യാഥാർത്ഥ്യമാക്കിയിരിക്കുകയാണ്
ചാലക്കുടി: മലയാളികളുടെ പ്രിയങ്കരനായ കലാഭവൻ മണി ഓർമ്മയായിട്ട് ഇന്ന് പത്ത് വർഷം തികയുന്നു. പത്താം ചരമവാർഷിക വേളയിൽ, മണിയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന് സഫലമായതിന്റെ സന്തോഷത്തിലാണ് അദ്ദേഹത്തിന്റെ കുടുംബവും ആരാധകരും.
മകളെ ഡോക്ടറാക്കണമെന്ന കലാഭവൻ മണിയുടെ വലിയ സ്വപ്നം മകൾ ശ്രീലക്ഷ്മി യാഥാർത്ഥ്യമാക്കിയിരിക്കുകയാണ്. മണിയുടെ സഹോദരൻ ഡോ. ആർ.എൽ.വി രാമകൃഷ്ണനാണ് ഈ സന്തോഷവാർത്ത പങ്കുവെച്ചത്. മകളെ ഒരു ഡോക്ടറാക്കണമെന്നും പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സ നൽകുന്ന ഒരു ആശുപത്രി തുടങ്ങണമെന്നുമായിരുന്നു മണിയുടെ ആഗ്രഹം. അച്ഛന്റെ ആ സ്വപ്നത്തിലേക്കാണ് ശ്രീലക്ഷ്മി ഇപ്പോൾ നടന്നടുക്കുന്നത്.
എറണാകുളം ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിന്നാണ് ശ്രീലക്ഷ്മി എംബിബിഎസ് പൂർത്തിയാക്കിയത്. നിലവിൽ പഠനം കഴിഞ്ഞ് പ്രാക്ടീസ് ആരംഭിച്ചു. അച്ഛൻ ബാക്കിവെച്ചുപോയ ആഗ്രഹങ്ങൾ ഓരോന്നായി നിറവേറ്റുന്നതിന്റെ സന്തോഷത്തിലാണ് കുടുംബം. ആർ.എൽ.വി രാമകൃഷ്ണന് ഡോക്ടറേറ്റ് ലഭിച്ചതും കലാമണ്ഡലത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ലഭിച്ചതും മണിയുടെ ആഗ്രഹങ്ങൾ മനസിൽ സൂക്ഷിച്ചതുകൊണ്ടാണെന്ന് അദ്ദേഹം പറയുന്നു.
സിനിമകളിലൂടെയും നാടൻപാട്ടുകളിലൂടെയും ഇന്നും മലയാളികളുടെ ഹൃദയത്തിൽ ജീവിക്കുന്ന കലാഭവൻ മണി, തന്റെ മകളിലൂടെയും സഹോദരനിലൂടെയും ആഗ്രഹിച്ച മാറ്റങ്ങൾ സമൂഹത്തിൽ എത്തിക്കുകയാണ്. നിലവിൽ ചാലക്കുടിയിലെ 'മണിക്കൂടാരത്തിൽ' അമ്മ നിമ്മിയോടൊപ്പമാണ് ശ്രീലക്ഷ്മി ഉള്ളത്.
What's Your Reaction?