ഒമാനിൽ മിന്നൽ പ്രളയം; മലവെള്ളപ്പാച്ചിലിൽ പെട്ട് രണ്ട് മലയാളികൾ മരിച്ചു

സൗത്ത് അൽ ബത്തിനയിലെ വാദി അൽ മാവലിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്

Mar 22, 2026 - 13:12
Mar 22, 2026 - 13:12
 0
ഒമാനിൽ മിന്നൽ പ്രളയം; മലവെള്ളപ്പാച്ചിലിൽ പെട്ട് രണ്ട് മലയാളികൾ മരിച്ചു

മസ്കത്ത്: ഒമാനിലുണ്ടായ ശക്തമായ മിന്നൽ പ്രളയത്തിലും മലവെള്ളപ്പാച്ചിലിലും പെട്ട് രണ്ട് മലയാളികൾ മരിച്ചു. പാലക്കാട് തൃത്താല സ്വദേശികളായ തച്ചറത്തൊടിയിൽ യൂസഫ് (38), തൃത്താല കോട്ടപ്പാടം സ്വദേശി മാളിയേക്കൽ ഷംല (32) എന്നിവരാണ് മരിച്ചത്. അപകടത്തിൽപ്പെട്ട യൂസഫിന്റെ മാതാവ് റംലയെ കണ്ടെത്താനായി തിരച്ചിൽ തുടരുകയാണ്.

സൗത്ത് അൽ ബത്തിനയിലെ വാദി അൽ മാവലിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി രണ്ട് കുടുംബങ്ങൾ ഒരുമിച്ച് യാത്ര പോയതായിരുന്നു ഇവർ. വാഹനത്തിൽ ഒമ്പത് പേരാണ് ഉണ്ടായിരുന്നത്.

ഒമാനിലെ ഇൻകാസ് നേതാവ് ലുബിഷാദിന്റെയും സുഹൃത്ത് യൂസഫിന്റെയും കുടുംബങ്ങളാണ് വാഹനത്തിലുണ്ടായിരുന്നത്. വാഹനത്തിലുണ്ടായിരുന്ന നാല് കുട്ടികൾ ഉൾപ്പെടെ ആറ് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഒഴുക്കിൽപ്പെട്ട യൂസഫിന്റെ മാതാവ് റംലയ്ക്കായുള്ള തിരച്ചിൽ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ നേതൃത്വത്തിൽ തുടരുകയാണ്.

രാജ്യത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിലൂടെയും വാദികളിലൂടെയും (തോടുകൾ) യാത്ര ചെയ്യുന്നത് ഒമാൻ പോലീസ് കർശനമായി നിരോധിച്ചിട്ടുണ്ട്. ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നും കാലാവസ്ഥാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow