മദീനയ്ക്ക് സമീപം വാഹനാപകടം: മലയാളി കുടുംബത്തിലെ നാലുപേർ മരിച്ചു
ഉംറ നിർവഹിച്ച ശേഷം മദീന സന്ദർശനത്തിനായി പോവുകയായിരുന്നു കുടുംബം
റിയാദ്: സൗദി അറേബ്യയിലെ മദീനയ്ക്ക് സമീപം ശനിയാഴ്ച വൈകീട്ടുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാല് മലയാളികൾ മരിച്ചു. മലപ്പുറം മഞ്ചേരി വെള്ളില സ്വദേശികളായ നടുവത്ത് കളത്തിൽ അബ്ദുൽ ജലീൽ (52), ഭാര്യ തസ്ന (40), മകൻ ആദിൽ (14), ജലീലിന്റെ മാതാവ് മൈമൂനത്ത് (73) എന്നിവരാണ് മരിച്ചത്.
ഉംറ നിർവഹിച്ച ശേഷം മദീന സന്ദർശനത്തിനായി പോവുകയായിരുന്നു കുടുംബം. ഇവർ സഞ്ചരിച്ചിരുന്ന ജി.എം.സി വാഹനം ജിദ്ദ-മദീന റോഡിൽ വാദി ഫറഹ എന്ന സ്ഥലത്തുവെച്ച് തീറ്റപ്പുല്ല് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വർഷങ്ങളായി ജിദ്ദയിൽ ജോലി ചെയ്യുന്ന അബ്ദുൽ ജലീലിന്റെ അടുത്തേക്ക് സന്ദർശന വിസയിൽ എത്തിയതായിരുന്നു കുടുംബാംഗങ്ങൾ.
അപകടത്തിൽപ്പെട്ട വാഹനത്തിലുണ്ടായിരുന്ന ജലീലിന്റെ മക്കളായ നൂറ, ആയിഷ, ഫാത്തിമ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ മദീനയിലെ കിങ് ഫഹദ്, സൗദി ജർമൻ എന്നീ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മരിച്ചവരുടെ മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ മദീനയിലെ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്നു വരികയാണ്.
What's Your Reaction?

