പുനർജ്ജനി പദ്ധതി: വി.ഡി. സതീശനെതിരെ സി.ബി.ഐ അന്വേഷണത്തിന് വിജിലൻസ് ശുപാർശ
വിജിലൻസ് മുൻ ഡയറക്ടർ യോഗേഷ് ഗുപ്ത തയ്യാറാക്കിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് സർക്കാരിന് റിപ്പോർട്ട് നൽകി. പ്രളയബാധിതർക്ക് വീട് നിർമ്മിച്ചു നൽകുന്നതിനായി നടപ്പിലാക്കിയ 'പുനർജ്ജനി' പദ്ധതിയുടെ പേരിൽ വിദേശത്തുനിന്ന് ഫണ്ട് ശേഖരിച്ചതിൽ ക്രമക്കേട് നടന്നുവെന്ന ആരോപണത്തിലാണ് അന്വേഷണത്തിന് ശുപാർശ ചെയ്തിരിക്കുന്നത്. വിജിലൻസ് മുൻ ഡയറക്ടർ യോഗേഷ് ഗുപ്ത തയ്യാറാക്കിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി.
വിദേശ സംഭാവന നിയന്ത്രണ നിയമം (FCRA) ലംഘിച്ചു എന്നതാണ് വി.ഡി. സതീശനെതിരെയുള്ള പ്രധാന കണ്ടെത്തൽ. വിജിലൻസ് റിപ്പോർട്ടിലെ പ്രധാന ഭാഗങ്ങൾ ഇവയാണ്: സ്വകാര്യ സന്ദർശനത്തിനായി കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി വാങ്ങിയ ശേഷം വിദേശത്ത് പോയി പൊതുജനങ്ങളിൽ നിന്ന് ഫണ്ട് സ്വരൂപിച്ചു,
2010-ലെ എഫ്.സി.ആർ.എ നിയമത്തിലെ സെക്ഷൻ 3 (2) (എ) പ്രകാരം വിദേശ ഫണ്ട് സ്വീകരിച്ചതിലെ നിയമലംഘനം സിബിഐ തന്നെ അന്വേഷിക്കണമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു, വിദേശത്ത് നിന്ന് ശേഖരിച്ച പണം കേരളത്തിലെ അക്കൗണ്ടുകളിലേക്ക് എത്തിച്ചതിൽ സാമ്പത്തിക ക്രമക്കേടുകൾ,
സി.ബി.ഐ അന്വേഷണത്തിന് പുറമെ, ഒരു ജനപ്രതിനിധി എന്ന നിലയിൽ ചട്ടലംഘനം നടത്തിയതിന് വി.ഡി. സതീശനെതിരെ നിയമസഭാ സ്പീക്കർ നടപടി സ്വീകരിക്കണമെന്നും വിജിലൻസ് ആവശ്യപ്പെട്ടിട്ടുണ്ട്. നിയമസഭയുടെ റൂൾ ഓഫ് പ്രൊസീജിയറിലെ റൂൾ 41 പ്രകാരം നടപടിയെടുക്കാനാണ് ശുപാർശ.
വർഷങ്ങൾക്കു മുൻപ് ഉയർന്നുവന്ന ആരോപണത്തിൽ വിജിലൻസ് ഇപ്പോൾ സി.ബി.ഐ അന്വേഷണത്തിന് ശുപാർശ ചെയ്തത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. സർക്കാരിന്റെ രാഷ്ട്രീയ പ്രേരിത നീക്കമാണിതെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു.
What's Your Reaction?