പരീക്ഷാ ക്രമക്കേടുകൾക്കെതിരായ പ്രതിഷേധത്തിനിടെ കോക്രോച്ച് പാർട്ടി സ്ഥാപകനു നേരെ കയ്യേറ്റം

Jun 15, 2026 - 20:04
Jun 15, 2026 - 20:05
 0
പരീക്ഷാ ക്രമക്കേടുകൾക്കെതിരായ പ്രതിഷേധത്തിനിടെ കോക്രോച്ച് പാർട്ടി സ്ഥാപകനു നേരെ കയ്യേറ്റം

ജയ്പുർ: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്‌കെയ്ക്ക് നേരെ പ്രതിഷേധ പരിപാടിക്കിടെ കയ്യേറ്റശ്രമം. അനുയായികളെ അഭിസംബോധന ചെയ്യുന്നതിന് തൊട്ടുമുൻപാണ് സംഭവം.

അനുയായികളുടെ തോളിലേറി മുന്നേറുന്നതിനിടെ ആൾക്കൂട്ടത്തിലുണ്ടായിരുന്ന ചിലർ ദിപ്‌കെയെ പലതവണ മുഖത്തടിക്കുകയും താഴേക്ക് വലിച്ചിടാൻ ശ്രമിക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

ന്യൂഡൽഹിയിലെ വിദ്യാർഥി കൂട്ടായ്മയോടെയാണ് സിജെപിയുടെ രാജ്യവ്യാപക പ്രതിഷേധ പ്രചാരണത്തിന് തുടക്കമായത്. അമൃത്‌സർ, പുണെ, ബെംഗളൂരു, ഹൈദരാബാദ്, ലഖ്‌നൗ എന്നിവിടങ്ങളിലും യുവജന പ്രതിഷേധങ്ങൾ നടന്നു.

നീറ്റ് ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള പരീക്ഷാ ക്രമക്കേടുകളുടെ പേരിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കാത്ത പക്ഷം ഡൽഹിയിൽ വീണ്ടും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ദിപ്‌കെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ യുവാക്കളെ വിമർശിച്ച പരാമർശത്തെ തുടർന്നാണ് സമൂഹമാധ്യമങ്ങളിലൂടെ കോക്രോച്ച് പാർട്ടി രൂപീകരിച്ചത്. സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉൾപ്പെടെയുള്ളവരുടെ പിന്തുണയോടെ പ്രതിഷേധങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയാണ്. ബെംഗളൂരുവിൽ ഞായറാഴ്ച നടന്ന സമരത്തിൽ നടൻ പ്രകാശ് രാജും പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow