ചെന്നൈ: കരുർ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 39 പേർ മരിച്ച സംഭവത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം പ്രഖ്യാപിച്ച് ടിവികെ അധ്യക്ഷൻ വിജയ്. മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ വീതമാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. പരുക്കേറ്റവർക്ക് 2 ലക്ഷം രൂപ വീതവും നൽകും.
ഹൃദയം തകരുന്ന വേദനയോടെയാണ് അനുശോചന സന്ദേശം എഴുതുന്നതെന്ന് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ വിജയ് കുറിച്ചു. ഈ സമയത്ത് ഇത് കടമയാണെന്ന് വിജയ് പ്രതികരിച്ചു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ഈ കഠിനമായ ദുഃഖത്തിൽ, എന്‍റെ ഹൃദയത്തിൽ അനുഭവിക്കുന്ന വേദന വാക്കുകളാൽ പ്രകടിപ്പിക്കാൻ എനിക്ക് കഴിയുന്നില്ലെന്നും എന്‍റെ കണ്ണുകളും മനസും ദുഃഖത്താൽ മൂടിയിരിക്കുന്നുവെന്നുമാണ് വിജയ് കുറിച്ചത്.
ഇതിന് പുറമേ പ്രധാനമന്ത്രി നരേന്ദ്ര മോദി ധനസഹായമായി മരിച്ചവർക്ക് 2 ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രഖ്യാപിച്ചിരുന്നു.
അതേസമയം ടിവികെ സംസ്ഥാനത്ത് നടത്തിവന്ന പര്യടനം നിർത്തിവെച്ചു. ഓൺലൈൻ യോഗത്തിൽ സംസ്ഥാന പര്യടനം തൽക്കാലം മാറ്റിവയ്ക്കുന്ന കാര്യം വിജയ് സംസാരിച്ചു. വിജയ്‌യുടെ റാണിപെട്ട്, തിരുപ്പത്തൂർ ജില്ലകളിലെ പര്യടനമാണ് റദ്ദാക്കിയത്.