രാത്രികാല മത്സരങ്ങൾക്കായി എൽ.ഇ.ഡി ഫ്ലഡ്‌ലൈറ്റ് സംവിധാനം; അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം ഒരുങ്ങി

പത്തേക്കർ ഭൂമിയിൽ 45 കോടി രൂപ ചെലവഴിച്ചാണ് ഈ ലോകോത്തര സ്റ്റേഡിയം നിർമ്മിച്ചിരിക്കുന്നത്

Mar 13, 2026 - 22:03
Mar 13, 2026 - 22:03
 0
രാത്രികാല മത്സരങ്ങൾക്കായി എൽ.ഇ.ഡി ഫ്ലഡ്‌ലൈറ്റ് സംവിധാനം; അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം ഒരുങ്ങി

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെസിഎ) കീഴിൽ തിരുവനന്തപുരം മംഗലപുരത്ത് നിർമ്മിച്ച അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം നാടിന് സമർപ്പിക്കുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളുമായി ഒരുങ്ങിയ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം മാർച്ച് 16-ന് നടക്കും.

പത്തേക്കർ ഭൂമിയിൽ 45 കോടി രൂപ ചെലവഴിച്ചാണ് ഈ ലോകോത്തര സ്റ്റേഡിയം നിർമ്മിച്ചിരിക്കുന്നത്. അത്യാധുനിക ഫ്ലഡ്‌ലൈറ്റ് സംവിധാനമുള്ള കേരളത്തിലെ ആദ്യ ക്രിക്കറ്റ് സ്റ്റേഡിയം എന്ന പ്രത്യേകതയും ഇതിനുണ്ട്. മാർച്ച് 16-ന് വൈകിട്ട് 6 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യും. കായിക മന്ത്രി വി. അബ്ദുറഹ്മാൻ എൽഇഡി ഫ്ലഡ്‌ലൈറ്റ് സംവിധാനം സ്വിച്ച് ഓൺ ചെയ്യും. ബിസിസിഐയുടെ മാർഗ്ഗനിർദ്ദേശപ്രകാരം സിഗ്നിഫൈ (ഫിലിപ്സ്) കമ്പനിയാണ് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.

കെസിഎ സ്റ്റേറ്റ് അക്കാദമിയുടെ നിർമ്മാണോദ്ഘാടനം മന്ത്രി വി. ശിവൻകുട്ടിയും, ഇൻഡോർ ക്രിക്കറ്റ് പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി ജി.ആർ. അനിലും നിർവഹിക്കും. അന്താരാഷ്ട്ര നിലവാരമുള്ള ക്രിക്കറ്റ് ഗ്രൗണ്ട്, വിശാലമായ പവലിയൻ സമുച്ചയം. പ്രമുഖ ആർക്കിടെക്ട് ഷിബു അബൂസലിയാണ് സ്റ്റേഡിയം രൂപകൽപ്പന ചെയ്തത്.

മംഗലപുരം മാതൃകയിൽ കേരളത്തിലെ എല്ലാ ജില്ലകളിലും സ്റ്റേഡിയങ്ങൾ നിർമ്മിക്കാനാണ് കെസിഎ ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് ശ്രീജിത്ത് വി. നായർ അറിയിച്ചു. കായിക പ്രതിഭകൾക്ക് ലോകോത്തര നിലവാരത്തിലുള്ള ശാസ്ത്രീയ പരിശീലനം ഉറപ്പാക്കുന്നതിൽ ഈ പുതിയ സ്റ്റേഡിയവും അക്കാദമിയും വലിയ മാറ്റം കൊണ്ടുവരുമെന്ന് കെസിഎ സെക്രട്ടറി വിനോദ് എസ്. കുമാർ വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow