കേരളത്തിൽ 'അരണ്ട സര്‍ക്കാര്‍' ഭാരമായി മാറി: ഇ.പി. ജയരാജൻ; പവർകട്ടിനെതിരെ എകെജി സെന്ററിൽ മെഴുകുതിരി പ്രതിഷേധം
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന രൂക്ഷമായ പവര്‍കട്ടിനും വൈദ്യുതി പ്രതിസന്ധിക്കുമെതിരെ സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജന്റെ നേതൃത്വത്തില്‍ എകെജി സെന്ററില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധം സംഘടിപ്പിച്ചു. വൈദ്യുതി മന്ത്രിയുടേത് വിഡ്ഢിത്തം നിറഞ്ഞ പ്രസ്താവനയാണെന്നും, സംസ്ഥാനത്ത് വലിയ തോതില്‍ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാനാണ് രഹസ്യനീക്കം നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ പത്ത് വര്‍ഷക്കാലം കേരളത്തില്‍ വൈദ്യുതി മേഖലയില്‍ ഏതെങ്കിലും തരത്തിലുള്ള ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടുണ്ടോ എന്ന് ചോദിച്ച ഇ.പി. ജയരാജന്‍, ഭരിക്കാന്‍ അറിയാത്തവര്‍ അത് പഠിക്കാന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രിക്ക് പരിചയക്കുറവുണ്ടെങ്കില്‍ ആവശ്യമായ പരിശീലനം നേടണമെന്നും കടുത്ത വിമര്‍ശനം ഉന്നയിച്ചു. ജനങ്ങളെ ഇരുട്ടിലാക്കുന്ന ഈ 'അരണ്ട സര്‍ക്കാര്‍' നിലവില്‍ കേരളത്തിന് വലിയൊരു ബാധ്യതയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിയുടെ യഥാര്‍ത്ഥ കാരണം മുന്‍ എല്‍ഡിഎഫ് സര്‍ക്കാരാണെന്ന ഗുരുതര ആരോപണവുമായി വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വൈദ്യുതി കരാറുകള്‍ ഒപ്പുവെക്കുന്നതില്‍ മുന്‍ സര്‍ക്കാര്‍ ഗുരുതരമായ വീഴ്ച വരുത്തിയതാണ് ഇപ്പോഴത്തെ സ്ഥിതി വഷളാകാന്‍ കാരണമെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.
What's Your Reaction?



