തിരുവനന്തപുരം: ഗവർണറുടെ ഭരണഘടനാപരമായ അധികാരങ്ങൾ എന്തൊക്കെയെന്നത് പാഠപുസ്തകത്തിൽ ഉൾപ്പെടുത്താനൊരുങ്ങി സംസ്ഥാന സർക്കാർ. പൊതുവിദ്യാഭാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്.
ഗവർണറുടെ ഭരണഘടനാപരമായ അധികാരങ്ങൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഈ വർഷം പത്താം ക്ലാസ് സാമൂഹ്യ ശാസ്ത്രം പുസ്തകത്തിലെ രണ്ടാം വോള്യത്തിൽ ഉൾപ്പെടുത്താനാണ് നീക്കം.
അടുത്ത വർഷം 11,12 ക്ലാസുകളിലെ പാഠപുസ്തകത്തിലും ഗവർണറുടെ അധികാരങ്ങൾ ഉൾപ്പെടുത്തും എന്നും മന്ത്രി അറിയിച്ചു. ഈ കാലഘട്ടത്തിൽ ഗവർണറുടെ അധികാരങ്ങളെല്ലാം കുട്ടികൾ അറിഞ്ഞിരിക്കണമെന്ന് തോന്നിയതിനാലാണ് ഈ തീരുമാനമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. കൂടാതെ ഭാരതാംബയെ വണങ്ങണമെന്ന് വിദ‍്യാർഥികളോട് ഗവർണർ ഉപദേശിച്ചത് തിരുത്തണമെന്നും മന്ത്രി ആവശ‍്യപ്പെട്ടു.
ഭരണഘടന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്കരിച്ചിട്ടുള്ളത്. അത് ജീവിതത്തിൽ പകര്‍ത്താനാവശ്യമായ പിന്തുണയും സ്കൂള്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെ നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് മുൻഗണന നൽകുകയും ചെയ്യുന്നുവെന്നാണ് മന്ത്രി പറഞ്ഞത്. ജനാധിപത്യ മൂല്യങ്ങൾ പഠിക്കേണ്ട യഥാർത്ഥ ഇടങ്ങൾ വിദ്യാലയങ്ങളാണെന്നും കുട്ടികൾ ഒരു കാര്യവും തെറ്റായി മനസിലാക്കാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.