സംഗീതത്തിന് എന്തിനാണ് ജാതിമത വേലിക്കെട്ടുകൾ? നന്ദഗോവിന്ദം ഭജൻസിന് പിന്തുണയുമായി ശ്രീകുമാരൻ തമ്പി
ജാതിക്കും മതത്തിനും അതീതമായ മാനവികതയെയും കലയുടെ ഐക്യത്തെയുമാണ് നന്ദഗോവിന്ദം സംഘം ഉയർത്തിപ്പിടിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി
കോട്ടയം: ക്ഷേത്രോത്സവത്തിനിടെ ക്രിസ്തീയ ഭക്തിഗാനം പാടിയതിന് സൈബർ ആക്രമണം നേരിടുന്ന നന്ദഗോവിന്ദം ഭജൻസ് സംഘത്തിന് പിന്തുണയുമായി പ്രശസ്ത കവി വരികളും ചലച്ചിത്രകാരനുമായ ശ്രീകുമാരൻ തമ്പി. മാതൃഭൂമിയിൽ എഴുതിയ ലേഖനത്തിലൂടെയാണ് അദ്ദേഹം കടുത്ത ഭാഷയിൽ പ്രതികരിച്ചത്.
ജാതിക്കും മതത്തിനും അതീതമായ മാനവികതയെയും കലയുടെ ഐക്യത്തെയുമാണ് നന്ദഗോവിന്ദം സംഘം ഉയർത്തിപ്പിടിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിഫലം പോലും വാങ്ങാതെ ക്ഷേത്രപുനരുദ്ധാരണത്തിനായി പാടിയ ഒരു സംഘം യുവാക്കളോട് ആ പാട്ട് പാടരുത് എന്ന് പറയാൻ ആർക്കാണ് അവകാശമെന്ന് അദ്ദേഹം ചോദിച്ചു.
ഹിന്ദുവായ താൻ എത്രയോ ക്രിസ്തീയ ഭക്തിഗാനങ്ങൾ എഴുതിയിട്ടുണ്ട്. തന്റെ 'സത്യനായകാ മുക്തി ദായകാ' എന്ന ഗാനം കേട്ട് എത്രയോ ക്രിസ്ത്യൻ സഹോദരങ്ങൾ കണ്ണീർ വാർത്തുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ശബരിമലയ്ക്ക് പോകുന്നവർ എരുമേലി പള്ളിയിലും അർത്തുങ്കൽ പള്ളിയിലും ദർശനം നടത്തുന്ന ചരിത്രമുണ്ട്. ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ കൊടിമരത്തിന് കവുങ്ങ് നൽകിയിരുന്നത് മുസ്ലിം സഹോദരങ്ങളായിരുന്നു.
യേശുദാസിന്റെ ശബ്ദത്തിലൂടെയാണ് ഗുരുവായൂരിലെ പകലുകൾ തുടങ്ങുന്നതും ശബരിമലയിലെ അയ്യപ്പൻ പള്ളിയുറങ്ങുന്നതും. കാശി വിശ്വനാഥ ക്ഷേത്രത്തിൽ ഉണരുന്നത് ഉസ്താദ് ബിസ്മില്ലാ ഖാന്റെ ഷെഹനായി കേട്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്ഷേത്രത്തിൽ ദീപം കത്തുമ്പോൾ തൊട്ടടുത്ത പള്ളിയിലും വിളക്ക് തെളിയുന്ന സുന്ദരമായ കാഴ്ചകളെയാണ് പ്രോത്സാഹിപ്പിക്കേണ്ടത്. സംഗീതത്തിലും കലയിലും മതം കലർത്താൻ ശ്രമിക്കുന്നത് അപലപനീയമാണെന്നും സനാതന ധർമ്മം എല്ലാ മനുഷ്യരെയും ഏകോപിപ്പിക്കുന്ന ദർശനമാണെന്നും ശ്രീകുമാരൻ തമ്പി തുറന്നടിച്ചു.
What's Your Reaction?