ഡൽഹിയിൽ പ്രതിപക്ഷത്തിന്റെ മിന്നൽ പ്രതിഷേധം; മാർച്ച് ഗാന്ധി സ്മൃതിയിലെത്തി
ന്യൂഡൽഹി: ഡൽഹിയിൽ പ്രതിപക്ഷ എംപിമാരുടെ മിന്നൽ പ്രതിഷേധം ശക്തമായി. ഇൻഡ്യാ സഖ്യത്തിലെ എല്ലാ എംപിമാരും പങ്കെടുത്ത പ്രതിഷേധ മാർച്ച് ഗാന്ധി സ്മൃതിയിലെത്തി.
രാഹുൽ ഗാന്ധി അടക്കമുള്ള എംപിമാർ ഗാന്ധി സ്മൃതിയിൽ പ്രവേശിച്ചു. ഗാന്ധി സ്മൃതിയിലേക്കെത്തിയ വാഹനത്തിൽ നിന്ന് പ്ലക്കാർഡുകളുമായി ഇറങ്ങിയ എംപിമാരുടെ മുൻനിരയിൽ പ്രിയങ്ക ഗാന്ധി, മിർസ ഭാരതി, സുപ്രിയ സുലെ, കുമാരി ഷെൽജ, രേണുക ചൗധരി തുടങ്ങിയ വനിതാ എംപിമാരുണ്ടായിരുന്നു.
രാഹുൽ ഗാന്ധിയുടെ വസതിയിൽ ചേർന്ന യോഗത്തിന് ശേഷമാണ് പ്രതിപക്ഷത്തിന്റെ മിന്നൽ പ്രതിഷേധം ആരംഭിച്ചത്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ എന്നിവർ ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിലാണ് മാർച്ച് നടക്കുന്നത്.
പ്രതിഷേധ സ്ഥലത്ത് വലിയ പൊലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. ബാരിക്കേഡുകൾ സ്ഥാപിച്ച് പ്രവർത്തകരെ തടയാൻ പൊലീസ് ശ്രമിക്കുന്നതിനിടെ, പ്രവർത്തകർ ബാരിക്കേഡുകൾ മറികടന്ന് മുന്നോട്ട് പോകുന്നതായും റിപ്പോർട്ടുണ്ട്. തീസ് ജനുവരി റോഡിന് സമീപം സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്.
ബസ് കുറുകെയിട്ട് പ്രതിപക്ഷ മാർച്ച് തടയാൻ ശ്രമിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം, ജന്തർ മന്തറിന്റെ ഒന്നര കിലോമീറ്റർ ചുറ്റളവിൽ ഇന്ന് രാത്രി 12 മണി വരെ ഇന്റർനെറ്റ് നിയന്ത്രണം ഏർപ്പെടുത്തുമെന്ന മുന്നറിയിപ്പുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെയാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് അധികൃതർ അറിയിച്ചു.
What's Your Reaction?



