ഡൽഹി: രാംലീല മൈതാനിക്കടുത്ത് തുർക്ക്മാൻ ഗേറ്റിൽ ഒഴിപ്പിക്കുന്നതിനിടെ പുലർച്ചെ സംഘർഷം. പോലീസിന് നേരെ കല്ലേറുണ്ടായി. 5 പോലീസുകാർക്ക് പരുക്കേറ്റിട്ടുണ്ട്. രാംലീല മൈതാനത്തിന് സമീപം തുര്‍ക്ക്മാന്‍ ഗേറ്റില്‍ സ്ഥിതി ചെയ്യുന്ന ഫൈസ് ഇ ഇലാഹി മസ്ജിദിന്റെ പരിസരത്താണ് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ (എംഎസ്ഡി) നേതൃത്വത്തില്‍ പുലര്‍ച്ചെ ബുള്‍ഡോസര്‍ ഉപയോഗിച്ച് കെട്ടിടങ്ങള്‍ പൊളിച്ചത്.
പ്രതിഷേധക്കാരെ പിരിച്ചുവിടാൻ കണ്ണീർ വാതകം പ്രയോഗിച്ചു. സയിദ് ഇലാഹി മസ്ജിദിനോട് ചേർന്നുള്ള ഒരു ഭാഗത്തെ ഒഴിപ്പിക്കലിനിടെയാണ് സംഘർഷം ഉണ്ടായത്. അനധികൃത കയ്യേറ്റം ആരോപിച്ചായിരുന്നു ഒഴിപ്പിക്കൽ.
പുലർച്ചെ ഒന്നരയ്ക്കുള്ള നീക്കത്തിനിടെയാണ് പ്രതിഷേധമുണ്ടായത്. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് പൊളിക്കലെന്നാണ് ഡല്‍ഹി പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. നിരവധി കടകളും മറ്റുമുള്ള സ്ഥലത്തായിരുന്നു ഒഴിപ്പിക്കൽ. ഈ മേഖലയിൽ എല്ലാം ഒഴിപ്പിക്കാനുള്ള നോട്ടീസ് നേരത്തെ നൽകിയിരുന്നുവെന്ന് അധികൃതർ പറയുന്നു. കല്ലേറിൽ പങ്കെടുത്തവർക്കെതിരേ നടപടിയെടുക്കുമെന്നും സ്ഥിതിഗതികൾ നിയന്ത്രണത്തിലാണെന്നും അധികൃതർ വ്യക്തമാക്കി.