തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് പഞ്ചായത്തിന് കീഴിലുള്ള ബഡ്‌സ് സ്കൂളിലെ ഡ്രൈവറുടെ പെരുമാറ്റത്തില്‍ ബുദ്ധിമുട്ടി മാതാവ്. മകനെ ബഡ്സ് സ്കൂളിൽ അയക്കാനാകാതെ പ്രയാസത്തിലായിരിക്കുകയാണ് ഇവര്‍. കഴിഞ്ഞ ഒന്നര മാസമായി പോത്തൻകോട് കോയിത്തൂർക്കോണം നിവാസികളായ വിജയമ്മയും മകൻ രഞ്ജിത്ത് ലാലുമാണ് ദുരിതം നേരിട്ടുകൊണ്ടിരിക്കുന്നത്.
ഈ കുടുംബത്തിലെ മൂന്ന് പേരും ഭിന്നശേഷിക്കാരാണ്. പോത്തൻകോട് പഞ്ചായത്തിന് കീഴിൽ ഈ ബഡ്‌സ് സ്കൂൾ പ്രവർത്തനം ആരംഭിച്ചതുമുതൽ മകൻ രഞ്ജിത്ത് ലാൽ അവിടുത്തെ വിദ്യാർഥിയാണ്. തന്റെ ശാരീരിക അസ്വസ്ഥതകൾ കാര്യമാക്കാതെ അമ്മ വിജയമ്മ തന്നെയായിരുന്നു മകനെ സ്കൂളിൽ കൊണ്ടാക്കുകയും തിരികെ വിളിച്ചുകൊണ്ടുവരികയും ചെയ്തിരുന്നത്.
എന്നാൽ, കഴിഞ്ഞ കുറച്ചു മാസങ്ങളായി ശാരീരിക അസ്വസ്ഥതകൾ വിജയമ്മയെ തളർത്തിയതുകാരണം മകനെ സ്കൂളിൽ വിടാനായി വാഹനം വിട്ടുതരണമെന്ന് പഞ്ചായത്തിൽ അറിയിക്കുകയും, ഇതുപ്രകാരം രഞ്ജിത്തിനെ ബഡ്‌സ് സ്കൂളിന്റെ വാഹനത്തിൽ കൊണ്ടുപോകുകയുമായിരുന്നു.
എന്നാൽ, ഇപ്പോൾ റോഡ് പണി ആരംഭിച്ചതിനു ശേഷം രഞ്ജിത്തിനെ വീട്ടിൽ കൊണ്ടാക്കാതെ ഡ്രൈവര്‍ റോഡിൽ ഇറക്കിവിടക്കുയാണെന്നാണ് വിജയമ്മ പറയുന്നത്. ഇതേപറ്റി ചോദിച്ചപ്പോൾ, 'ഇവിടെ കുണ്ടും കുഴിയുമാണ്, വണ്ടി കൊണ്ടുവരാൻ ബുദ്ധിമുട്ടാണ്, ഇവന് നടക്കാല്ലോ, കാൽ ഉണ്ടല്ലോ' എന്നൊക്കെയാണ് ഡ്രൈവർ പറയുന്നതെന്ന് വിജയമ്മ പറഞ്ഞു.
'തന്റെ ഉത്തരവാദിത്വത്തിലാണ് കുട്ടിയെ ഇവിടെ കൊണ്ടാക്കുന്നത്. അല്ലാതെ പഞ്ചായത്ത് അധികൃതർ പറഞ്ഞിട്ടില്ലെന്നും' ഡ്രൈവർ പറയുന്നു. 'സംസ്ഥാന സർക്കാർ ഡ്രൈവറിനു ശമ്പളം കൊടുക്കുന്നുണ്ട്. എന്നിട്ടും കുട്ടിയെ സുരക്ഷിതമായി വീട്ടിലെത്തിക്കാൻ ഡ്രൈവർക്കാവുന്നില്ലെന്നാണ്' വിജയമ്മ പറയുന്നത്.
അതേസമയം, വിഷയത്തെ കുറിച്ച് പഞ്ചായത്ത് സെക്രട്ടറിയേയും ബഡ്സ് സ്കൂൾ പ്രഥമാധ്യാപകയേയും വോയിസ് ഓഫ് ഇന്ത്യ ബന്ധപ്പെട്ടപ്പോൾ, ഡ്രൈവറുടെ നിലപാടിനെ പിന്തുണയ്ക്കുന്ന രീതിയിലായിരുന്നു പ്രതികരണം.