അവയവദാനം: ക്രമക്കേടുകൾ ഉണ്ടെന്ന പരാതിയിൽ സംസ്ഥാനത്തോട് അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ കേന്ദ്രം
കൊല്ലം സ്വദേശിയായ ഡോ. എസ്. ഗണപതി കേന്ദ്രസർക്കാരിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിന് കത്ത് നൽകിയത്.

തിരുവനന്തപുരം: സംസ്ഥാനത്ത് അവയവ ദാനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഏകോപിപ്പിക്കുന്ന സംസ്ഥാന സർക്കാരിൻറെ കേരള നെറ്റ്‌വർക്ക് ഫോർ ഓർഗൻ ഷെയറിംഗ് (മൃതസഞ്ജീവനി), കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്‌പ്ലാൻറ് ഓർഗനൈസേഷൻ (കെ എസ് ഓട്ടോ) എന്നിവയിൽ സാമ്പത്തിക തിരിമറികൾ ഉൾപ്പെടെ നടന്നതായി പരാതി.
സംഭവത്തിൽ അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ കത്ത്. കൊല്ലം സ്വദേശിയായ ഡോ. എസ്. ഗണപതി കേന്ദ്രസർക്കാരിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിന് കത്ത് നൽകിയത്.
കൃത്യമായ ഓഡിറ്റിംഗ് നടക്കുന്നില്ല എന്നും സാമ്പത്തിക ക്രമക്കേടുകൾ നടന്നതായും മരണാനന്തര അവയവദാനവുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും വരുമാന സ്രോതസിനെക്കാൾ അധിക ആസ്തി കൈവശം ഉള്ളതായും ഉൾപ്പെടെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ഡോ. ഗണപതി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് പരാതി നൽകിയിരിക്കുന്നത്.
കെ. എസ് ഓട്ടോ പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാരിന്റെ കീഴിലായതിനാൽ എത്രയും വേഗം സംഭവത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിൽ സൂചിപ്പിക്കുന്നു.
What's Your Reaction?






