കണ്ണൂരിൽ ഭിന്നശേഷികാരനായ ആയുർവേദ ഡോക്ടറെ നിയമവിരുദ്ധമായി പിരിച്ചു വിട്ടു; ശമ്പളവും പിഴയും നൽകാൻ ഉത്തരവിട്ട് ട്രൈബ്യൂണൽ
കരാർ കാലാവധി അവസാനിക്കുന്ന വരെ ഉള്ള തുകയും, ഈ കാലയളവിൽ ഉള്ള അത്രയും തുക പിഴയായും സർക്കാർ നൽകണം
കണ്ണൂർ: കണ്ണൂരിൽ ഭിന്നശേഷികാരനായ ആയുർവേദ ഡോക്ടറെ നിയമവിരുദ്ധമായി പിരിച്ചു വിട്ട സംഭവത്തിൽ ഡോക്ടർക്ക് അനുകൂല നിലപാട് സ്വീകരിച്ച് ട്രൈബ്യൂണൽ. കണ്ണൂരിലെ പയ്യന്നൂർ സർക്കാർ ആയൂർവേദ ആശുപത്രിയിൽ ജീവനി പദ്ധതിയിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമിതനായ ഡോക്ടറെയാണ് നിയമവിരുദ്ധമായി പിരിച്ചുവിട്ടത്.
2023 ഡിസംബർ 31 ഞായറാഴ്ച ആശുപത്രിയിലെത്തിയ ഒരു രോഗിയാണ് ഡോക്ടർക്കെതിരെ പരാതി നൽകിയത്. പരിശോധനയ്ക്കിടെ ഡോക്ടർ പേന ഉപയോഗിച്ച് ശരീരത്തിൽ മുഴുവൻ കുത്തിനോവിച്ചുവെന്നും കഴുത്ത് പിടിച്ച് തിരിച്ചുവെന്നും തന്നെ വേദനിപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് യുവതി കണ്ണൂർ ഡി എം ഓയ്ക്ക് പരാതി നൽകിയത്. എന്നാൽ ഡോക്ടർ പരിശോധിക്കുക മാത്രമാണ് ചെയ്തതെന്നും പേന പോലെയുള്ള ഉപകരണം ആയുർവേദത്തിൽ ചികിത്സയ്ക്കായി ഉപയോഗിക്കുന്നതെന്നുമാണ് വ്യക്തമാകുന്നത്.
കണ്ണൂർ ഡി.എം.ഓയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡി.എം.ഒ ഓഫീസിൽ നിന്ന് ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി ആശുപത്രിയിൽ വരികയും വ്യക്തമായ അന്വേഷണം നടത്താതെ പിരിച്ചുവിടാൻ ഉത്തരവ് നൽകുകയും ചെയ്തു.
അതേസമയം ഉദ്യോഗസ്ഥരുടെ മൊഴിയിൽ പരാതിക്ക് ആസ്പദമായ രീതിയിൽ ഒന്നും നടന്നിരുന്നില്ലെന്നും അവിടെ ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ സഹപ്രവർത്തകരെല്ലാം ഡോക്ടർക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.
നിരവധി വർഷത്തെ പ്രവർത്തി പരിചയമുള്ള ഡോക്ടർക്കെതിരെ ഇതുവരെ യാതൊരു പരാതിയും ലഭിച്ചിരുന്നില്ല. തികച്ചും മാന്യമായ രീതിയിൽ ഇടപെടുന്ന ഡോക്ടർ ജോലി ചെയ്തിരുന്ന എല്ലാ ആശുപത്രിയിലും പ്രിയങ്കരനായിരുന്നു. അതിനാൽ തന്നെ ഇത് കെട്ടിച്ചമച്ച പരാതി മാത്രമാണെന്ന് വ്യക്തവുമായിരുന്നു. മാത്രമല്ല പരാതിക്കാരി പോലീസിൽ പരാതിപ്പെടാതെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡി.എം.ഒ ഓഫീസിലും ആയുർവേദ ആശുപത്രിയിലും മാത്രമാണ് പരാതി നൽകിയത്.
എന്നാൽ ഡി.എം.ഒ ഓഫീസിലെ ഉദ്യോഗസ്ഥർ ശരിയായ രീതിയിൽ അന്വേഷണം നടത്താതെ ദൃതി പിടിച്ച് ഡോക്ടറെ പിരിച്ചുവിടുകയായിരുന്നു. മാത്രമല്ല ജോലി വിടുതൽ സർട്ടിഫിക്കറ്റിലും സ്വഭാവ സർട്ടിഫിക്കറ്റിലും ജോലിക്ക് അനുയോജ്യമല്ല എന്ന രീതിയിൽ ജില്ലാ ആയുർവേദ മെഡിക്കൽ ഓഫീസർ രേഖപ്പെടുത്തുകയും ചെയ്തു. ഇതുമൂലം ഡോക്ടർക്ക് തുടർ ജോലിയും നിഷേധിക്കപ്പെട്ടു.
ഇതേത്തുടർന്നാണ് ഡോക്ടർ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ കേസ് ഫയൽ ചെയ്തത്. ഈ ഹർജിയിലാണ് കോടതി ഡോക്ടർക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചത്.
കരാർ കാലാവധി അവസാനിച്ച സാഹചര്യത്തിൽ തിരിച്ച് എടുക്കാൻ കഴിയില്ലെന്നും മറിച്ച് കരാർ കാലാവധി അവസാനിക്കുന്ന വരെയുള്ള തുകയും ഈ കാലയളവിലുള്ള അത്രയും തുക പിഴയായും സർക്കാർ നൽകണമെന്നും കൂടാതെ പുതിയ സ്വഭാവ സർട്ടിഫിക്കറ്റ് നൽകണം എന്നും കോടതി ഉത്തരവിടുകയായിരുന്നു.
What's Your Reaction?






