സഞ്ജു മുന്നില്‍ നിന്ന് നയിച്ചു, അടിതെറ്റി ന്യൂസിലന്‍ഡ്, ടി20 ലോകകപ്പില്‍ കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യൻ ബാറ്റിങ് നിര തകർത്താടിയപ്പോൾ പിറന്നത് ലോകകപ്പ് ഫൈനൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറാണ്
അഹമ്മദാബാദ്: ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 255 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസിനെ 19 ഓവറില്‍ 159 റണ്‍സിന് ഓള്‍ ഔട്ടാക്കി.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യൻ ബാറ്റിങ് നിര തകർത്താടിയപ്പോൾ പിറന്നത് ലോകകപ്പ് ഫൈനൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറാണ്. സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗും ബൗളർമാരുടെ കൃത്യതയാർന്ന പ്രകടനവുമാണ് ഇന്ത്യയെ കിരീടം നേടിക്കൊടുത്തത്.
തുടർച്ചയായ മൂന്നാം മത്സരത്തിലും ഇന്ത്യയുടെ ടോപ്പ് സ്കോററായ സഞ്ജു 46 പന്തിൽ 89 റൺസെടുത്തു. 8 സിക്സറുകൾ പറത്തിയ സഞ്ജു, ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സറുകൾ (24 എണ്ണം) നേടുന്ന താരമെന്ന റെക്കോർഡും സ്വന്തമാക്കി.
അഭിഷേക് ശർമയും (52) സഞ്ജുവും ചേർന്ന് ഒന്നാം വിക്കറ്റിൽ 98 റൺസാണ് അടിച്ചുകൂട്ടിയത്. പവർപ്ലേയിൽ വിക്കറ്റ് നഷ്ടമില്ലാതെ 92 റൺസെന്ന ലോകകപ്പ് റെക്കോർഡും ഇന്ത്യ കുറിച്ചു. ഇഷാൻ കിഷൻ 25 പന്തിൽ 54 റൺസെടുത്തപ്പോൾ, അവസാന ഓവറുകളിൽ തകർത്തടിച്ച ശിവം ദുബെ (26*) ഇന്ത്യയെ 250 കടത്തി. 20-ാം ഓവറിൽ മാത്രം 24 റൺസാണ് പിറന്നത്.
256 റൺസ് പിന്തുടർന്ന ന്യൂസീലൻഡിന് തുടക്കത്തിലേ പ്രഹരമേറ്റു. പവർപ്ലേ അവസാനിക്കുമ്പോൾ തന്നെ മൂന്ന് വിക്കറ്റുകൾ നഷ്ടമായ അവർക്ക് പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായി. ഓപ്പണർ ഫിൻ അലനെയും (9) ഗ്ലെൻ ഫിലിപ്സിനെയും (5) പുറത്താക്കി അക്സർ പട്ടേല്‍ തുടക്കത്തിലേ കിവീസിനെ സമ്മർദ്ദത്തിലാക്കി. അപകടകാരിയായ രചിൻ രവീന്ദ്രയെ (1) ജസ്പ്രീത് ബുമ്ര ഇഷാൻ കിഷന്റെ കൈകളിൽ എത്തിച്ചു. മാർക് ചാപ്മാനെ ഹാർദിക് പാണ്ഡ്യയും അർധസെഞ്ചറി നേടിയ ടിം സെയ്ഫർട്ടിനെ (52) വരുൺ ചക്രവർത്തിയും പുറത്താക്കി.
What's Your Reaction?