തിരുവനന്തപുരം: ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം എസ്.ശ്രീശാന്തിനെ വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷൻ. മൂന്ന് വർഷത്തേക്കാണ് വിലക്ക്. കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ അസത്യവും അപമാനകരവുമായ പ്രസ്താവനയെന്ന് ആരോപിച്ചാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ മൂന്ന് വർഷത്തേക്ക് സസ്പെന്റ് ചെയ്തത്.
സഞ്ജു സാംസനെ ചാമ്പ്യൻസ് ട്രോഫി ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തതിനെ തുടർന്നുണ്ടായ വിവാദമായിരുന്നു ശ്രീശാന്തിന്റെ പരാമർശത്തിന് കാരണം. ബുധനാഴ്ച എറണാകുളത്തു ചേര്‍ന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രത്യേക ജനറല്‍ ബോഡി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു.
കേരള ക്രിക്കറ്റ് ലീഗിലെ കൊല്ലം ഏരീസ് ടീമിന്റെ സഹ ഉടമയാണ് നിലവില്‍ ശ്രീശാന്ത്. കൂടാതെ സഞ്ജുവിന്റെ പേരിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച പിതാവ് സാംസൺ വിശ്വനാഥ്, റെജി ലൂക്കോസ് എന്നിവർക്കെതിരെ നഷ്ടപരിഹാരത്തിന് കേസ് നൽകാനും ജനറൽ ബോഡിയോഗത്തിൽ തീരുമാനമായി.