തിരുവനന്തപുരം നഗരസഭയിൽ വീരപരിവേഷം; ചെമ്പഴന്തി ഉദയനെതിരെ ബി.ജെ.പി അനുഭാവികളായ സ്ത്രീകൾതന്നെ പരാതി നൽകിയിരുന്നുവെന്ന് റിപ്പോർട്ടുകൾ
ജോലി അന്വേഷിച്ചെത്തിയ ബി.ജെ.പി അനുഭാവിയായ സ്ത്രീയ്ക്കുനേരെ ചെമ്പഴന്തി ഉദയൻ മോശമായി പെരുമാറിയതായി പരാതികൾ ഉയർന്നിരുന്നു
തിരുവനന്തപുരം: വധശ്രമ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബി.ജെ.പി കൗണ്‍സിലര്‍ ആര്. സുഗതനെച്ചൊല്ലി തിരുവനന്തപുരം കോര്പ്പറേഷന് കൗണ്‍സില്‍ യോഗത്തില്‍ ബി.ജെ.പി-കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ഏറ്റുമുട്ടുന്നതിനിടെ ഉയർന്നുകേട്ട പേരാണ് ചെമ്പഴന്തി ഉദയൻ. കൗണ്‍സിലര്‍ സുഗതനു ഒപ്പിടാന്‍ വേണ്ടി ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ഹാജര്‍ ബുക്ക് മാറ്റിവെക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് പ്രതിഷേധം തുടങ്ങിയത്.
കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ഹാജര്‍ ബുക്ക് പിടിച്ചുവച്ചു. തുടർന്ന് ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ഹാജര്‍ ബുക്ക് ബലമായി തിരികെ പിടിച്ചുവാങ്ങി. ഇതോടെ ഇരുവിഭാഗം തമ്മില്‍ കൈയ്യേറ്റം നടക്കുകയായിരുന്നു. കൈയ്യേറ്റത്തിനിടെ മണ്ണന്തല കൗൺസിലറായ ചെമ്പഴന്തി ഉദയൻ കോണ്‍ഗ്രസ് കൗണ്‍സിലറായ കെ.എസ്. ശബരീനാഥനെ അടിക്കാന്‍ ശ്രമിച്ചതോടെയാണ് കയ്യാങ്കളിയുടെ മട്ട് മാറിയത്. അടിപിടിയില്‍ സ്ത്രീകള്‍ അടക്കമുള്ള പലരുടെയും വസ്ത്രങ്ങള്‍ ചെമ്പഴന്തി ഉദയൻ കീറിയതായി ശബരീനാഥൻ ആരോപിച്ചു.
അതേസമയം ഇതിനുമുമ്പെയും ഉദയൻ സ്ത്രീകൾക്കുനേരെ മോശമായി പെരുമാറിയതായി വാർത്തകൾ വന്നിരുന്നു. ജോലി അന്വേഷിച്ചെത്തിയ ബി.ജെ.പി അനുഭാവിയായ സ്ത്രീയ്ക്കുനേരെ ചെമ്പഴന്തി ഉദയൻ മോശമായി പെരുമാറിയതായി പരാതികൾ ഉയർന്നിരുന്നു. മോശം പെരുമാറ്റംകാരണം പലതവണ പരാതികൾ ഉയർന്നിരുന്നെങ്കിലും ഉദയനെ അറിയാവുന്ന ബി.ജെ.പിയിലെ മുതിർന്ന പ്രവർത്തകർ ഇവർക്കെതിരെ വിരലനക്കിയിരുന്നില്ലെന്നും പരാതിയിൽ പറയുന്നു. മാനംഭയന്നാണ് പലരും ഇക്കാര്യത്തിൽ പരാതികളുമായി മുന്നോട്ട് വരാത്തതെന്നും റിപ്പോർട്ടുകളുണ്ട്.
What's Your Reaction?



