തലനാരിഴയ്ക്ക് ജീവൻ രക്ഷിച്ച് ദമ്പതികൾ; മേപ്പാടി മണ്ണിടിച്ചിലിന്റെ നടുക്കം പങ്കുവെച്ച് കൂടമ്മാളും ബാലകുമാറും
വയനാട് മേപ്പാടി തുരങ്കപാത നിർമാണ സ്ഥലത്ത് ഉണ്ടായ മണ്ണിടിച്ചിലിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് കൂടമ്മാളും ഭർത്താവ് ബാലകുമാറും. മേപ്പാടിയിലേക്ക് പോകാനായി ബസ് കാത്തുനിൽക്കുന്നതിനിടെയാണ് ഇരുവരുടെയും കൺമുന്നിൽ മലയിടിഞ്ഞുവീണത്. മുകളിൽ നിന്ന് മണ്ണ് ഇടിഞ്ഞിറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഇരുവരും ഓടി രക്ഷപ്പെടുകയായിരുന്നു.
സംഭവസമയത്ത് തുരങ്ക നിർമാണ തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നുവെന്നും ബസ് സ്റ്റോപ്പിൽ മറ്റാരുമില്ലായിരുന്നുവെന്നും കൂടമ്മാൾ പറഞ്ഞു. ഓടുന്നതിനിടെ താൻ നിലത്തുവീണെന്നും പിന്നീട് നോക്കിയപ്പോൾ ഒരു ലോറിയുടെ അടിയിലായിരുന്നുവെന്നും അവർ ഓർമ്മിച്ചു. ദൈവാനുഗ്രഹം കൊണ്ടാണ് ജീവൻ തിരിച്ചുകിട്ടിയതെന്നാണ് ഇരുവരുടെയും പ്രതികരണം.
എസ്റ്റേറ്റിൽ ജോലി ചെയ്യുന്ന തങ്ങൾ ബാങ്ക് ആവശ്യത്തിനും സാധനങ്ങൾ വാങ്ങാനുമായി പുറത്തേക്കിറങ്ങിയതാണെന്നും, വീടിന് സമീപം നേരത്തേ തന്നെ വലിയ തോതിൽ മണ്ണ് കൂട്ടിയിട്ടിരുന്നതിനാൽ ആശങ്ക ഉണ്ടായിരുന്നുവെന്നും അവർ പറഞ്ഞു. ഇതുസംബന്ധിച്ച് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും ആവശ്യമായ നടപടികൾ ഉണ്ടായില്ലെന്നും അവർ ആരോപിച്ചു.
സംഭവത്തിന്റെ നടുക്കം വ്യക്തമാക്കുന്ന ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. മണ്ണിടിഞ്ഞ് താഴേക്ക് പതിക്കുന്നതിനിടെ ജീവനും കൊണ്ടോടുന്ന കൂടമ്മാളെയും ബാലകുമാറിനെയും ദൃശ്യങ്ങളിൽ കാണാം. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് ഇരുവരും വലിയ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്.
What's Your Reaction?



