ലോകകപ്പിൽ റെക്കോഡ് കുതിപ്പുമായി അർജന്റീന; ഇൻസ്റ്റഗ്രാം പോസ്റ്റുമായി ലയണൽ മെസ്സി
നിലവിലെ ചാമ്പ്യന്മാരായ അർജന്റീന തകർപ്പൻ പ്രകടനത്തോടെ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. എല്ലാ മത്സരങ്ങളും വിജയിച്ച് ഗ്രൂപ്പ് ഘട്ടത്തിൽ ജൈത്രയാത്ര തുടരുന്ന ടീമിന്റെ നട്ടെല്ല് ക്യാപ്റ്റൻ ലയണൽ മെസ്സി തന്നെയാണ്. ആദ്യ മത്സരത്തിൽ അൾജീരിയക്കെതിരെ ഹാട്രിക് നേടിയ താരം, പിന്നീട് ഓസ്ട്രിയക്കെതിരെ രണ്ടും ജോർദാനെതിരെ പകരക്കാരനായി ഇറങ്ങി ഒരു ഗോളും സ്വന്തമാക്കി. ടീമിന്റെ ഒത്തിണക്കത്തെയും മുന്നേറ്റത്തെയും കുറിച്ച് മെസ്സി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വാക്കുകൾ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. "ഗ്രൂപ്പ് ഘട്ടം അവസാനിക്കുമ്പോൾ ഒരു വിജയം കൂടി. നമ്മൾ ഒരുമിച്ച് മുന്നേറുന്നു..." എന്നാണ് മത്സരത്തിലെ ആഹ്ലാദപ്രകടനത്തിന്റെ ചിത്രങ്ങൾക്കൊപ്പം മെസ്സി കുറിച്ചത്.
ജോർദാനെതിരായ മത്സരത്തിൽ യാതൊരുവിധ സമ്മർദവുമില്ലാതെയാണ് അർജന്റീന പന്തുതട്ടിയത്. കളിയിലെ 19-ാം മിനിറ്റിൽ ജിയോവാനി ലോ സെൽസോ ഫ്രീകിക്കിലൂടെ ടീമിനെ മുന്നിലെത്തിച്ചു. തുടർന്ന് 31-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ലൗട്ടാറോ മാർട്ടിനെസ് ലീഡ് രണ്ടാക്കി ഉയർത്തി. ഒടുവിൽ 80-ാം മിനിറ്റിലാണ് മെസ്സി ടീമിന്റെ മൂന്നാം ഗോൾ വലയിലെത്തിച്ചത്. ഈ ലോകകപ്പിൽ മാത്രം മെസ്സിയുടെ ആറാമത്തെ ഗോളാണിത്. ഇതോടെ തുടർച്ചയായ ഏഴ് ലോകകപ്പ് മത്സരങ്ങളിൽ ഗോൾ നേടുന്ന താരമെന്ന അപൂർവ റെക്കോഡും മെസ്സി സ്വന്തം പേരിൽ കുറിച്ചു.
What's Your Reaction?

