പാലക്കാട് മീനാക്ഷിപുരത്ത് മകളെ ക്രൂരമായി മർദിച്ച പിതാവ് കസ്റ്റഡിയിൽ; കുട്ടിയെ ഷെൽട്ടർ ഹോമിലേക്ക് മാറ്റി
പാലക്കാട്: പാലക്കാട് മീനാക്ഷിപുരം വണ്ടിത്താവളം കെയോടിൽ അച്ഛൻ മകളെ വിറകുകഷ്ണം കൊണ്ട് ക്രൂരമായി മർദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുത്തു. ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ കൗൺസിലിംഗിൽ കുട്ടി പീഡനവിവരം തുറന്നുപറഞ്ഞതിനെത്തുടർന്നാണ് മീനാക്ഷിപുരം പൊലീസ് നിയമനടപടികളിലേക്ക് കടന്നത്. തുടർന്ന് കുട്ടിയുടെ സുരക്ഷ മുൻനിർത്തി വീട്ടിൽ നിന്നും ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്.
കുട്ടിയെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ സമീപവാസികൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട പൊലീസ് ഉടൻ തന്നെ കുട്ടിയുടെ വീട്ടിലെത്തിയെങ്കിലും പരാതി നൽകാൻ അമ്മയോ കുട്ടിയോ ആദ്യഘട്ടത്തിൽ തയ്യാറായിരുന്നില്ല. പ്രതി ലഹരിക്ക് അടിമയാണെന്ന സംശയത്തെത്തുടർന്ന് പൊലീസ് വീട്ടിൽ വിശദമായ പരിശോധന നടത്തിയെങ്കിലും ലഹരിവസ്തുക്കളൊന്നും കണ്ടെത്താനായില്ല. നേരിട്ട് പരാതി ലഭിക്കാതിരുന്ന സാഹചര്യത്തിൽ, നാട്ടുകാർ നൽകിയ ദൃശ്യങ്ങൾ പൊലീസ് ചൈൽഡ് ലൈന് കൈമാറുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ നടത്തിയ ഇടപെടലാണ് പ്രതിയെ കുടുക്കാൻ നിർണായകമായത്.
What's Your Reaction?

