തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ എസ്ഐടി. ദേവസ്വം മിനുട്സിൽ ചെമ്പ് പാളിയെന്ന് തിരുത്തി എഴുതിയത് മനപൂർവ്വമാണ്. കട്ടിളപാളികൾ അറ്റകുറ്റപ്പണി നടത്താൻ തന്ത്രി ആവശ്യപ്പെട്ടെന്ന പദ്മകുമാറിന്‍റെ വാദം തെറ്റാണെന്നും എസ്ഐടി.
ഇതോടെ തനിക്കെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന പത്മകുമാറി്നറെ വാദം നിലനില്‍ക്കില്ല. മാത്രമല്ല കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ തെളിവുകൾ അട്ടിമറിക്കാൻ ഗോവർധനും പോറ്റിയുമടക്കമുള്ള പ്രതികൾ ബംഗളൂരുവിൽ ഒത്തുകൂടി ഗൂഢാലോചന നടത്തിയെന്നും എസ്ഐടി വെളിപ്പെടുത്തുന്നു.
കട്ടിളപാളികൾ അറ്റകുറ്റപ്പണി നടത്താൻ ‘അനുവദിക്കുന്നു’ എന്ന് മിനിട്സിൽ സ്വന്തം കൈപ്പടയിൽ എഴുതിയത് പത്മകുമാറാണ്. ഇതിന് പിന്നാലെയാണ് പോറ്റിയ്ക്ക് പാളികൾ കൈമാറിയത്. തന്ത്രിയുടെ അഭിപ്രായവും തേടിയില്ല. മഹസറിൽ തന്ത്രി ഒപ്പുമിട്ടില്ല, അനുമതിയും നൽകിയിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.
കൂടാതെ സ്വർണക്കവർച്ചക്കേസിൽ അരങ്ങേറിയത് വിശാല ഗൂഢാലോചനയെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു. വലിയ രീതിയില്‍ കവര്‍ച്ച നടത്താനായി പങ്കജ് പണ്ടാരിയും, ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരി ഗോവര്‍ദ്ധനും സ്‌പോണ്‍സര്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ആസൂത്രണം നടത്തിയെന്നാണ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
സ്വർണ്ണക്കവർച്ച സംഘടിത കുറ്റകൃത്യമാണ്. ദ്വാരപാലക ശില്‍പ പാളികള്‍ക്കൊപ്പം മറ്റ് സ്വര്‍ണ്ണപ്പാളികളിലെ സ്വര്‍ണ്ണവും തട്ടിയെടുക്കാന്‍ പ്രതികള്‍ വലിയ പദ്ധതി തയ്യാറാക്കി. വലിയ കവര്‍ച്ചയായിരുന്നു ലക്ഷ്യമെന്നും എസ്‌ഐടി ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി. കേസില്‍ ഉള്‍പ്പെട്ടാല്‍ എന്തു ചെയ്യണമെന്നതടക്കം പ്രതികള്‍ ചര്‍ച്ചചെയ്‌തെന്നും എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്.