ചെന്നൈ : ജൂലൈ 1 മുതൽ തത്കാൽ ടിക്കറ്റ് ബുക്കിംഗിൽ നിയന്ത്രണങ്ങൾ വരുന്നു. ഐആർസിടിസി അക്കൗണ്ടിനെ ആധാറുമായി ബന്ധിപ്പിക്കാത്തവർക്കാണ് ബുദ്ധിമുട്ട് നേരിടേണ്ടി വരിക. അങ്ങനെ ഉള്ളവർക്ക് ജൂലായ് ഒന്നു മുതൽ ഓൺലൈനായി റെയിൽവേ തത്കാൽ ടിക്കറ്റ് ലഭിക്കില്ല. ജൂലൈ 1 മുതൽ ആധാർലിങ്ക് ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് മാത്രമേ ഐആർസിടിസി ആപ്പിലും വെബ്സൈറ്റിലും ടിക്കറ്റ് ബുക്കിംഗ് ചെയ്യാനാകൂ.
ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പറിലേക്ക് വരുന്ന ഒടിപി നൽകിയാലേ ടിക്കറ്റ് ബുക്കിംഗ് സാധ്യമാകൂവെന്നാണ് പുറത്തുവരുന്ന വിവരം. ഇത്കൂടാതെ ടിക്കറ്റെടുക്കുമ്പോൾ ആധാർ അധിഷ്ഠിത ഒടിപി നൽകുന്ന സംവിധാനം ജൂലായ് 15 മുതൽ നിർബന്ധമാക്കാനും തീരുമാനമായി.
നിലവിൽ ഐആർസിടിസി വെബ് സൈറ്റോ ആപ്പോ ഉപയോഗിച്ച് ടിക്കറ്റെടുക്കുന്നവരിൽ ഭൂരിപക്ഷം ആളുകളും അവരുടെ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കാത്തവരാണ്. കൂടാതെ ഏജന്റുമാർക്ക് ആദ്യ 30 മിനിറ്റ് തത്കാൽ ബുക്കിംഗിന് നിയന്ത്രണം ഏർപ്പെടുത്തും. എസി നോൺ എസി കോച്ചുകൾക്ക് ഈ നിയന്ത്രണം ബാധകമാക്കും. എസി കോച്ചുകളിൽ രാവിലെ പത്ത് മുതൽ പത്തര വരെയും നോൺ എസി കോച്ചുകളിൽ പതിനൊന്ന് മുതൽ പതിനൊന്നര വരെയുമാകും നിയന്ത്രണം.