ഫ്ലാറ്റ് തട്ടിപ്പ് കേസിൽ നടി ധന്യ മേരി വർഗീസിന്റെ ഭർത്താവ് ജോൺ ജയിലിൽ !
പണി പൂർത്തിയാകാത്ത അപ്പാർട്ട്മെന്റുകൾക്കും വില്ലകൾക്കുമായി ഉപഭോക്താക്കളിൽ നിന്ന് ഏകദേശം 100 കോടി രൂപയും, ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് 30 കോടി രൂപയും കമ്പനി സമാഹരിച്ചെങ്കിലും, പദ്ധതികൾ പൂർത്തിയാക്കി നൽകുന്നതിൽ പരാജയപ്പെട്ടു
തിരുവനന്തപുരം: ഫ്ലാറ്റ് തട്ടിപ്പ് കേസില്‍ പ്രമുഖ സിനിമാ താരവും നടി ധന്യ മേരി വര്‍ഗീസിന്റെ ഭർത്താവുമായ ജോൺ ജേക്കബ് ജയിലിലായതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഉപഭോക്തൃ കോടതിയുടെ വാറന്റിന്മേലാണ് പേരൂർക്കട പോലീസ് ജോണിനെ അറസ്റ്റ് ചെയ്ത് പൂജപ്പുര ജില്ലാ ജയിലിലേയ്ക്ക് മാറ്റിയത്.
കേസിൽ പ്രതികളായ ജോണിന്റെ പിതാവ് ജേക്കബ് സാംസൺ, സഹോദരൻ സാമുവേൽ ജേക്കബ് എന്നിവർ ഒളിവിലാണെന്നാണ് ലഭിക്കുന്ന വിവരം. ആറോളം കേസുകളിലാണ് ഉപഭോക്തൃ കോടതിയുടെ നടപടി.
2011 ല്‍ ആണ് ഫ്ലാറ്റ് നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് ഇവര്‍ ആളുകളില്‍ നിന്നും അഡ്വാന്‍സ് കൈപ്പറ്റിയത്. 2014 ല്‍ ഫ്ലാറ്റ് നിര്‍മാണം പൂര്‍ത്തിയാക്കി നല്‍കാം എന്നായിരുന്നു വാഗ്ദാനം. എന്നാൽ പറഞ്ഞ സമയം കഴിഞ്ഞിട്ടും ഫ്ലാറ്റുകൾ ലഭിക്കാതായതോടെയാണ് തങ്ങൾ കബളിക്കപെട്ടുവെന്നു മനസിലാക്കിയ നിക്ഷേപകർ പരാതിയുമായി രംഗത്തെത്തിയത്. 150 ഓളം പേരിൽ നിന്നായി ജോണും കുടുംബവും കോടികൾ തട്ടിയെടുത്തതായാണ് പരാതി.
പണി പൂർത്തിയാകാത്ത അപ്പാർട്ട്മെന്റുകൾക്കും വില്ലകൾക്കുമായി ഉപഭോക്താക്കളിൽ നിന്ന് ഏകദേശം 100 കോടി രൂപയും, ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് 30 കോടി രൂപയും കമ്പനി സമാഹരിച്ചെങ്കിലും, പദ്ധതികൾ പൂർത്തിയാക്കി നൽകുന്നതിൽ പരാജയപ്പെട്ടു.
അതേസമയം ഒരു ഫ്ലാറ്റ് തന്നെ പലരുടെ പേരിലായി പതിച്ചു നൽകിയതായും പരാതിയുണ്ട്. കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇവര്‍ക്കെതിരെ ഒട്ടേറെ പരാതികള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ് അറിയുന്നത്. ഫ്ലാറ്റ് തട്ടിപ്പ് കേസില്‍ നടി ധന്യ മേരി വര്‍ഗീസും പ്രതിയാണ്.
കേസുമായി ബന്ധപ്പെട്ട് നേരത്തെ ജേക്കബ് സാംസണെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹമാണ് സാംസണ്‍ ആന്റ് സണ്‍സ് ബില്‍ഡേഴ്സിന്റെ ചെയര്‍മാന്‍. നിക്ഷേപകരുടെ പരാതി നിലനിൽക്കെ ജോണും മേരിയും അടുത്തിടെ പൂജപ്പുരയിൽ പുതിയ ഡാൻസ് സ്കൂൾ തുടങ്ങിയിരുന്നു. ഇത് പണം നൽകിയ ആൾക്കാർക്കിടയിൽ ചെറുതല്ലാത്ത രീതിയിൽ അമർഷം ഉളവാക്കിയിട്ടുണ്ട്.
വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന് പേരൂർക്കട എസ്.എച്.ഓ 'ദ വോയിസ് ഓഫ് ഇന്ത്യ'യോട് പറഞ്ഞു. മ്യൂസിയം, കന്റോണ്‍മെന്റ്, പേരൂര്‍ക്കട പോലീസ് സ്റ്റേഷനുകളിലാണ് പരാതികളില്‍ അധികവും ഉള്ളത്.
What's Your Reaction?



