പ്രശസ്ത സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു

Jun 10, 2026 - 11:09
Jun 10, 2026 - 11:09
 0
പ്രശസ്ത സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു

ചെന്നൈ: തമിഴ് സിനിമയുടെ ചരിത്രത്തില്‍ മായാത്ത അടയാളം പതിപ്പിച്ച പ്രമുഖ സംവിധായകന്‍ പി. ഭാരതിരാജ അന്തരിച്ചു. 84 വയസായിരുന്നു. പ്രായാധിക്യത്തെ തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളാല്‍ ഏറെ നാളായി ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് അന്തരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തോടെ ഇന്ത്യന്‍ ചലച്ചിത്രലോകത്തിന് ഒരു മഹത്തായ സൃഷ്ടാവിനെയാണ് നഷ്ടമായത്.

ഗ്രാമീണ ജീവിതവും മനുഷ്യബന്ധങ്ങളുമെല്ലാം അതിന്റെ സ്വാഭാവിക ഭാവത്തില്‍ വെള്ളിത്തിരയിലേക്ക് കൊണ്ടുവന്ന സംവിധായകനായിരുന്നു ഭാരതിരാജ. തമിഴ് സിനിമയുടെ കഥപറച്ചില്‍ ശൈലിയില്‍ വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട വ്യക്തികളില്‍ ഒരാളായി അദ്ദേഹം വിലയിരുത്തപ്പെടുന്നു.

കഴിഞ്ഞ വര്‍ഷം മകന്‍ മനോജ് ഭാരതിരാജയുടെ അപ്രതീക്ഷിത വിയോഗം അദ്ദേഹത്തെ ആഴത്തില്‍ ബാധിച്ചിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മനോജിന്റെ മരണം. മകന്റെ വേര്‍പാട് അദ്ദേഹത്തെ മാനസികമായി ഏറെ തളര്‍ത്തിയിരുന്നുവെന്ന് അടുത്ത ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു.

1941 ജൂലൈ 17ന് ജനിച്ച ഭാരതിരാജ, 1977ല്‍ പുറത്തിറങ്ങിയ ‘16 വയതിനിലെ’ എന്ന ചിത്രത്തിലൂടെയാണ് സംവിധാന രംഗത്ത് ശ്രദ്ധേയമായ അരങ്ങേറ്റം കുറിച്ചത്. രജനികാന്തിനെയും കമല്‍ഹാസനെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രം വന്‍ വിജയമായിരുന്നു. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കി.

തുടര്‍ന്ന് ‘കിഴക്കേ പോകും റെയില്‍’, ‘സിഗപ്പ് റോജാക്കള്‍’, ‘നിറം മാറാത്ത പൂക്കള്‍’, ‘അലൈകള്‍ ഒയ്‍വതില്ലൈ’, ‘കാതല്‍ ഓവിയം’, ‘മണ്‍ വാസനൈ’, ‘കിഴക്ക് ചീമയിലെ’ തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ അദ്ദേഹം സമ്മാനിച്ചു. സംവിധായകനെന്നതിലുപരി അഭിനേതാവായും അദ്ദേഹം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. മലയാളത്തില്‍ മോഹന്‍ലാല്‍ നായകനായ ‘തുടരും’ എന്ന ചിത്രത്തിലും അദ്ദേഹം ശ്രദ്ധേയ വേഷത്തിലെത്തിയിരുന്നു.

ആറ് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ ഭാരതിരാജയ്ക്ക് 2004ല്‍ പത്മശ്രീയും ലഭിച്ചു. 2013ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറിയുടെ ചെയര്‍മാനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. തലമുറകളെ സ്വാധീനിച്ച ഒരു സിനിമാപ്രതിഭയുടെ വിടവാങ്ങലാണ് ഇപ്പോള്‍ സിനിമാലോകം ദുഃഖത്തോടെ ഓര്‍ക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow