മകനുണ്ടായ ഗതി മറ്റാർക്കും ഉണ്ടാവരുത്; വീഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ നിയമനടപടിയുമായി ദീപക്കിന്റെ കുടുംബം
കോഴിക്കോട്ടെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ ദീപക് ജോലി ആവശ്യത്തിനായി കണ്ണൂരിൽ പോയി മടങ്ങുന്നതിനിടെയാണ് സംഭവം
കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ ആരോപണത്തിന് പിന്നാലെ സൈബർ ആക്രമണം ഭയന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കുടുംബം പരാതി നൽകുന്നു. ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച യുവതിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആത്മഹത്യ ചെയ്ത ദീപക്കിന്റെ പിതാവ് രംഗത്തെത്തി. തന്റെ മകന് നീതി ലഭിക്കണമെന്നും ഇത്തരം അനുഭവം ഇനി മറ്റൊരാൾക്കും ഉണ്ടാകരുതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കോഴിക്കോട്ടെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ ദീപക് ജോലി ആവശ്യത്തിനായി കണ്ണൂരിൽ പോയി മടങ്ങുന്നതിനിടെയാണ് സംഭവം. ദീപക് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് യുവതി പകർത്തിയ വീഡിയോ ഇൻസ്റ്റഗ്രാമിൽ 23 ലക്ഷത്തിലധികം പേരാണ് കണ്ടത്.
വീഡിയോ വ്യാപകമായി പ്രചരിക്കുകയും ആളുകൾ മോശം കമന്റുകൾ രേഖപ്പെടുത്തുകയും ചെയ്തതോടെ ദീപക് കടുത്ത മാനസിക വിഷമത്തിലായിരുന്നു. കേസ് നൽകുന്നതിനെക്കുറിച്ച് ദീപക് സുഹൃത്തുക്കളോട് സംസാരിച്ചിരുന്നെങ്കിലും അതിനുമുൻപേ ആത്മഹത്യ ചെയ്യുകയായിരുന്നു.
ശനിയാഴ്ച രാത്രി ബന്ധുക്കളെയും സുഹൃത്തുക്കളെയും ദീപക് ഫോണിൽ വിളിച്ചിരുന്നു. പിറ്റേന്ന് കാണാമെന്ന് പറഞ്ഞിരുന്നെങ്കിലും ഞായറാഴ്ച രാവിലെ ദീപക്കിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
നിലവിൽ മെഡിക്കൽ കോളേജ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. കുടുംബത്തിന്റെ പരാതി ലഭിക്കുന്നതോടെ വീഡിയോ പങ്കുവെച്ച യുവതിക്കെതിരെയും അന്വേഷണം ഉണ്ടായേക്കും.
യാഥാർത്ഥ്യം അന്വേഷിക്കാതെ ലക്ഷക്കണക്കിന് ആളുകൾ വീഡിയോ പങ്കുവെച്ചതും അപമാനിച്ചതുമാണ് യുവാവിനെ മരണത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.
What's Your Reaction?