അസമിൽ തടവുകാരെ രക്ഷപ്പെടാൻ സഹായിച്ച മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ
ദിസ്പൂർ: അസമിലെ ഗൊലാഘട്ടിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മൂന്ന് തടവുകാർ രക്ഷപ്പെടാൻ സഹായിച്ചെന്ന ആരോപണത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനെയും രണ്ട് ഹോംഗാർഡുമാരെയും അറസ്റ്റ് ചെയ്തു. പൊലീസ് ഓഫീസർ ബിരേന്ദ്ര നാഥ് ബോറ, ഹോംഗാർഡുമാരായ ദിക്കു സൈകിയ, കൃഷ്ണകാന്ത ദാസ് എന്നിവർക്കെതിരെയാണ് അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിച്ചത്.
ഗൊലാഘട്ട് സീനിയർ പൊലീസ് സൂപ്രണ്ട് രാജൻ സിംഗ് നൽകിയ വിവരമനുസരിച്ച്, ചികിത്സയ്ക്കായി ഷഹീദ് കുശാൽ കൊൻവാർ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മൂന്ന് കുപ്രസിദ്ധ കുറ്റവാളികളാണ് ഞായറാഴ്ച രാവിലെ രക്ഷപ്പെട്ടത്. മൂന്നുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ നസീബുർ റഹ്മാനുൾപ്പെടെ രൂപം കലിത, അജയ് ഗോവാല എന്നിവരാണ് രക്ഷപ്പെട്ടവർ.
ആശുപത്രിയിൽ നിന്ന് പൊലീസിന്റെ നിരീക്ഷണം മറികടന്ന് പ്രതികൾ രക്ഷപ്പെട്ടെന്നായിരുന്നു ആദ്യ വിവരം. എന്നാൽ തുടർ അന്വേഷണത്തിൽ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ബിരേന്ദ്ര നാഥ് ബോറ, ദിക്കു സൈകിയ, കൃഷ്ണകാന്ത ദാസ് എന്നിവർ പ്രതികളെ രക്ഷപ്പെടാൻ മനഃപൂർവം സഹായിച്ചതായി കണ്ടെത്തിയതോടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും രക്ഷപ്പെട്ട പ്രതികൾക്കായുള്ള തെരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
What's Your Reaction?



