'രാജ്യത്തുടനീളം നിരവധി മനുഷ്യാവകാശ പ്രവർത്തകരെ അജയ് വളർത്തിയെടുത്തു'; ഓർമ്മക്കുറിപ്പ്- ലജിത് വി.എസ്

Aug 3, 2025 - 13:13
Aug 3, 2025 - 14:13
 0  13
'രാജ്യത്തുടനീളം നിരവധി മനുഷ്യാവകാശ പ്രവർത്തകരെ അജയ് വളർത്തിയെടുത്തു'; ഓർമ്മക്കുറിപ്പ്- ലജിത് വി.എസ്

ലജിത് വി.എസ്

തിരുവനന്തപുരം: ഏറ്റവും പ്രിയപ്പെട്ട അജയേട്ടന് ആദരാഞ്ജലികൾ. RIGHTS ൻറെ സന്നദ്ധ പ്രവർത്തനങ്ങളിൽ സഹകരിച്ചുകൊണ്ടാണ് അജയൻ ചേട്ടനുമായുള്ള ബന്ധം ആരംഭിക്കുന്നത്. ദളിത് ആദിവാസി കീഴാള വിഭാഗങ്ങളുടെ അവകാശവുമായി ബന്ധപ്പെട്ടു അജയേട്ടന്റെ നേതൃത്വത്തിൽ നടന്ന ചില പ്രതിഷേധ സമരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. വ്യക്തിപരമായ ആവശ്യങ്ങളുമായി ബന്ധപ്പെട്ടു തമ്മിൽ കണ്ടിട്ടുണ്ട്.

കഴിഞ്ഞ രണ്ടുമൂന്നു വർഷമായി നിരന്തരമായ സമ്പർക്കം പുലർത്താൻ കഴിഞ്ഞിരുന്നില്ലെങ്കിലും റൈറ്റ്സിന്റെ പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട അറിയിപ്പുകളും ക്ഷണങ്ങളും വാട്സ്ആപ്പ് വഴി നൽകുമായിരുന്നു.

ഇതര മനുഷ്യ-ദളിതാവകാശ പ്രവർത്തനങ്ങളിൽ നിന്നും വിഭിന്നമായി ഭരണകൂടത്തിന്റെ വ്യവസ്ഥിതിയുടെ ആദിവാസി ദളിത് വിഭാഗങ്ങളോടുള്ള വിവേചനത്തിനെതിരെ, അവകാശ നിഷേധങ്ങൾക്കെതിരെയുള്ള സമരങ്ങളുടെ നേതൃസ്ഥാനത്ത് നിൽക്കുക മാത്രമല്ല, വിഭവാധികാരങ്ങൾ ഇല്ലാത്ത ഒരു സമൂഹത്തിന് വിഭവങ്ങൾ സമാഹരിച്ചു നൽകികൊണ്ട് പ്രതിസന്ധി ഘട്ടങ്ങളിൽ അതിന് പരിഹാരം കാണാനുള്ള പ്രായോഗിക രീതികൾ അവലംബിക്കുന്ന ഒരു സമീപനമാണ് അജയേട്ടൻ സ്വീകരിച്ചിരുന്നത്.

പ്രളയകാലത്ത്, കവളപ്പാറയിലും, ഇതര പ്രദേശങ്ങളിലും ഉരുൾപൊട്ടലുകൾ ഉണ്ടായപ്പോഴും വിഭവങ്ങൾ സമാഹരിച്ച് ദുരിതബാധിത പ്രദേശങ്ങളിൽ എത്തിക്കുക, കുട്ടികളുടെ ഇമോഷണൽ ട്രോമ അഡ്രസ്സ് ചെയ്യാനായിട്ട് കളിപ്പാട്ടവും മറ്റും ശേഖരിച്ച് വിതരണം ചെയ്യുന്ന വളരെ ദീർഘവീക്ഷണമുള്ള സന്നദ്ധ പ്രവർത്തനമാണ് അജയേട്ടന്റെ നേതൃത്വത്തിൽ റൈറ്റ്സ് നടത്തിയത്.

കോവിഡ് കാലഘട്ടത്തിൽ കേരളത്തിലെ ദളിത് ആദിവാസി വിദ്യാർത്ഥികൾ അക്ഷരാർത്ഥത്തിൽ തന്നെ ക്ലാസ്റൂമിന് പുറത്തായിരുന്നു. ഡിജിറ്റൽ സാങ്കേതികവിദ്യയിലൂടെ മാത്രം അദ്ധ്യയനം നടന്ന കാലയളവുകളിൽ റൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ മൊബൈൽ ഫോണുകളും ടെലിവിഷനുകളും ഗാഡ്ജറ്റ്സുകളും റൂട്ടറുകളും സമാഹരിച്ച് ആദിവാസി മേഖലകളിൽ എത്തിച്ചു കുട്ടികൾക്ക് അദ്ധ്യയനം നഷ്ടമാകാതിരിക്കാനുള്ള നടപടികൾ അദ്ദേഹം ചെയ്തിട്ടുണ്ട്.

ഭരണകൂടം ചെയ്യേണ്ട പല കാര്യങ്ങളും ചെയ്യാതിരിക്കുമ്പോൾ അവയോട് ജനാധിപത്യപരമായി കലഹിക്കുമ്പോൾ തന്നെ, പരിമിതമായ സാഹചര്യങ്ങളിൽ നിന്ന് തന്റെ സംഘാടന മികവിൻ്റെയും, ദീർഘവീക്ഷണത്തിന്റെയും, നേതൃപാടവത്തിന്റെയും, സർവ്വോപരി ഉന്നതമായ മനുഷ്യസ്നേഹത്തിന്റെയും അടിസ്ഥാനത്തിൽ വിഭവസമാഹരണം നടത്തി അത്തരം പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാൻ നിരന്തരം മുന്നിട്ടിറങ്ങുന്ന വ്യക്തിയായിരുന്നു അദ്ദേഹം.

അജയേട്ടന്റെ ക്രിയാത്മകമായ ഇടപെടലുകളുടെ ഭാഗമായാണ് കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ രൂപീകരിക്കപ്പെടുന്നത്. 300 ഓളം ദളിത് സ്ത്രീകൾക്ക്  സഹായകരമാകുക എന്ന ഉദ്ദേശത്തോടെ ഒരു സ്വയംതൊഴിൽ പദ്ധതിയായി ഈറയും മുളയും കൊണ്ടുള്ള കരകൗശല വസ്തുക്കളും, വൈദ്യുത അലങ്കാര വിളക്കുകളും, വാട്ടർ ഫൗണ്ടനുകളും മറ്റും ഉണ്ടാക്കുന്ന ഫൈബ്രന്റ് (Fibrent) എന്ന ബ്രാൻഡിൽ ഒരു സംരംഭവും റൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ അജയേട്ടൻ ആരംഭിച്ചിരുന്നു.

സ്കൂൾ കാലഘട്ടം മുതൽ തന്നെ അദ്ദേഹം തൻറെ ലീഡർഷിപ്പ് മികവ് പ്രകടിപ്പിചിരുന്നതായി ഇന്നലെ അദ്ദേഹത്തിൻ്റെ രോഗവിവരം അന്വേഷിച്ച് ജൂബിലി ഹോസ്പിറ്റലിൽ പോകുന്ന വേളയിൽ  അദ്ദേഹത്തിൻറെ  ജൂനിയർ ആയി കൊടുങ്ങല്ലൂർ ടെക്നിക്കൽ സ്കൂളിൽ പഠിച്ച, ഇപ്പോൾ കേരള സർവ്വകലാശാലയുടെ ജേർണലിസം ഡിപ്പാർട്ട്മെൻ്റിൽ അധ്യാപകനായ പ്രിയ സുഹൃത്ത് സുരേഷ് ഷൺമുഖം സൂചിപ്പിക്കുകയുണ്ടായി.

എ.ഐ.എസ്.എഫിലൂടെ, സി.പി.ഐയിലൂടെ, നർമ്മദ ബചാവോ ആന്തോളനടക്കമുള്ള നവസാമൂഹിക പ്രസ്ഥാനങ്ങളുടെ ഭാഗമായി, അംബേദ്കറിസത്തിലേക്ക് എത്തിച്ചേർന്ന അജയേട്ടൻ ഇന്ത്യയിലെ ദളിത് ആദിവാസി മനുഷ്യാവകാശ പരിസ്ഥിതി പ്രശ്നങ്ങൾ യു.എൻ വേദികളിൽ അടക്കം അന്താരാഷ്ട്ര തലത്തിൽ എത്തിച്ച ബഹുമുഖ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്.

മൂന്ന് പതിറ്റാണ്ടിലേറെയായി പ്രാദേശിക പ്രവർത്തനങ്ങളെ ആഗോള നയരൂപീകരണങ്ങളുമായി ബന്ധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച അജയേട്ടൻ റൈറ്റ്സ് (RIGHTS) ൻ്റെ സ്ഥാപകനും അലൈൻസ് ഓഫ് ക്ലൈമറ്റ് ഫ്രണ്ട്ലൈൻ കമ്മ്യൂണിറ്റീസ് (ACFC) ഗ്ലോബൽ കൺവീനറുമായിരുന്നു.

അദ്ദേഹം ദളിത്, ആദിവാസി, തീരദേശവാസികൾ, കർഷകർ, തോട്ടം തൊഴിലാളികൾ, കുടിയേറ്റത്തൊഴിലാളികൾ, ക്വീർ സമൂഹങ്ങൾ തുടങ്ങി ചരിത്രപരമായി അടിച്ചമർത്തപ്പെട്ട എല്ലാ വിഭാഗങ്ങളുടെയും അവകാശങ്ങൾക്കായി നിലകൊണ്ടു. അവരുടെ പ്രാദേശിക പോരാട്ടങ്ങൾക്ക് അന്താരാഷ്ട്ര വേദികളിൽ ശബ്ദം നൽകി.

നർമ്മദാ ബച്ചാവോ ആന്ദോളൻ ഉൾപ്പെടെയുള്ള ജനകീയ പ്രസ്ഥാനങ്ങളിലും പ്രചാരണങ്ങളിലും അദ്ദേഹം സംഭാവനകൾ നൽകി. പീപ്പിൾസ് വാച്ച്, നാഷണൽ ക്യാമ്പയിൻ ഓൺ ദളിത്‌ ഹ്യൂമൻ റൈറ്റ്സ് എന്നിവയുമായി സഹകരിച്ച് കസ്റ്റഡി മർദ്ദനം, ജാതി അതിക്രമങ്ങൾ, ജുഡീഷ്യൽ ആക്ടിവിസം, ബഡ്ജറ്റ് നീതി തുടങ്ങിയ വിഷയങ്ങളിൽ നിരവധി ഗവേഷണങ്ങളും പരിശീലന സാമഗ്രികളും തയ്യാറാക്കി.

രാജ്യത്തുടനീളം നിരവധി മനുഷ്യാവകാശ പ്രവർത്തകരെ പരിശീലിപ്പിക്കുകയും വളർത്തിയെടുക്കുകയും ചെയ്തു. കേന്ദ്ര-സംസ്ഥാന ബഡ്ജറ്റുകളുടെ എസ്.സി.പി / ടി.എസ്.പി വിശകലനത്തിൻ്റെ മുൻനിര പ്രവർത്തകരിലൊരാളായ അജയേട്ടൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ബഡ്ജറ്റ് സാക്ഷരതയ്ക്കും നയരൂപീകരണത്തിനും അടിത്തട്ടു തലത്തിലുള്ള പ്രവർത്തകർക്ക് പരിശീലനം നൽകി.

86-ആം ഭരണഘടനാ ഭേദഗതിയിലൂടെ വിദ്യാഭ്യാസം മൗലികാവകാശമാക്കിയതിലും (ആർട്ടിക്കിൾ 21.എ) എൻ.എ.എഫ്.ആർ.ഇ (NAFRE) യെ പ്രതിനിധീകരിച്ച് കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്ഥാപിക്കുന്നതിലും നിർണായക പങ്കുവഹിച്ചു. കേരളത്തിൽ ആർ.ടി.ഇ (RTE) നിയമങ്ങൾ നടപ്പാക്കുന്നത് നിരീക്ഷിക്കുന്നതിനും ബാലാവകാശ സംബന്ധിയായ സംവാദങ്ങൾക്ക് രൂപം നൽകുന്നതിനും 'ജനമുന്നേറ്റം' എന്ന സിവിൽ സൊസൈറ്റി പ്ലാറ്റ്‌ഫോം അദ്ദേഹം വിളിച്ചുചേർത്തു.

ദളിത് സമൂഹങ്ങൾക്കെതിരായ വ്യവസ്ഥാപരമായ വിവേചനങ്ങൾക്കും ചരിത്രപരമായി അടിച്ചമർത്തപ്പെട്ട സമൂഹങ്ങളുടെ പുറത്താക്കലുകൾക്കും എതിരെ പ്രവർത്തിച്ച അദ്ദേഹം ആദിവാസി സമൂഹങ്ങളുടെ ഭൂസമരങ്ങൾക്ക് പിന്തുണ നൽകിയിരുന്നു.

ഐക്യരാഷ്ട്രസഭയുടെ ഉന്നതതല രാഷ്ട്രീയ ഫോറത്തിൽ കമ്മ്യൂണിറ്റീസ് ഡിസ്ക്രിമിനേറ്റഡ് ഓൺ വർക്ക് ആൻഡ് ഡിസെന്റ് (CDWD), എ.സി.എഫ്.സി (ACFC) എന്നിവയെ പ്രതിനിധീകരിച്ചു. ഏഷ്യാ പസഫിക് പ്രാദേശിക ഫോറങ്ങളിലും ഐക്യരാഷ്ട്രസഭ വേദികളിലും ഇന്ത്യയിലെ ചരിത്രപരമായി അടിച്ചമർത്തപ്പെട്ട സമൂഹങ്ങളെ അദ്ദേഹം പ്രതിനിധീകരിക്കുന്നു.

സി.ഒ.പി26 (COP26), സി.ഒ.പി28 (COP28), സി.ഒ.പി (COP29) എന്നീ സമ്മേളനങ്ങളിൽ അദ്ദേഹം മുന്നണിയിലുള്ളവരുടെ പ്രതിനിധി സംഘത്തെ നയിച്ചു. ഈ വേദികളിൽ കാലാവസ്ഥാ നഷ്ടപരിഹാരം, പരിഹാര ധനശേഖരം (ലോസ് ആൻഡ് ഡാമേജ് ഫിനാൻസ്), യു.എൻ.എഫ്.സി.സി.സി (UNFCCC) വഴിയുള്ള ആഗോള കാലാവസ്ഥാ നയത്തിൽ ഫ്രണ്ട്ലൈൻ നോളഡ്ജ് കോംപെൻസേഷൻ എന്നിവയ്ക്കായി അദ്ദേഹം വാദിച്ചു.

യൂണിവേഴ്സൽ പീരിയോഡിക് റിവ്യൂ (UPR) നടപടിക്രമങ്ങൾ, ദുരന്തമുഖങ്ങളിലെ കുട്ടികളുടെ അവകാശങ്ങൾ, ഇന്റെർജനറേഷണൽ ക്ലൈമറ്റ് ഇക്വിറ്റി എന്നിവയെക്കുറിച്ചുള്ള ആഗോള സംവാദങ്ങളെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സ്വാധീനിച്ചിട്ടുണ്ട്.

കേരളത്തിലെ വെള്ളപ്പൊക്ക ദുരിതബാധിത ഗ്രാമങ്ങൾ മുതൽ ഐക്യരാഷ്ട്രസഭയുടെ ബ്ലൂ സോൺ വരെ നീളുന്ന അജയേട്ടന്റെ നേതൃത്വം നീതി, അന്തസ്സ്, പ്രതിരോധശേഷി എന്നിവയ്ക്കായി അടിസ്ഥാന ജനതയിൽ വേരൂന്നിയുള്ള പോരാട്ടത്തിൻ്റെ ഉത്തമ മാതൃകയാണ്.

കേരളത്തിലെ ദളിത് ആദിവാസി ജനസമൂഹത്തിനും പൊതുസമൂഹത്തിനും തീരാനഷ്ടമാണ് അജയേട്ടന്റെ വിയോഗം.

ലേഖകൻ: ലജിത് വി.എസ്.
ചരിത്ര വിഭാഗം മേധാവി,
ദേവസ്വം ബോർഡ് കോളേജ്,
ശാസ്താംകോട്ട.

What's Your Reaction?

like

dislike

love

funny

angry

sad

wow