തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നര്‍ത്തകിക്ക് ദാരുണാന്ത്യം
സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു

ചെന്നൈ: വാഹനാപകടത്തിൽ മലയാളി നർത്തകിക്ക് ദാരുണാന്ത്യം. തമിഴ്നാട് കടലൂർ ചിദംബരത്തുള്ള അമ്മപെട്ടൈ ബൈപാസിലാണ് അപകടം ഉണ്ടായത്. എറണാകുളം സ്വദേശിനി ഗൗരി നന്ദ (20) ആണ് മരിച്ചത്. എട്ടു പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പുതുച്ചേരിയിലേക്കുള്ള യാത്രയ്ക്കിടെ ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു.
എറണാകുളം സ്വദേശികളായ ഫ്രെഡി (29), അഭിരാമി (20), തൃശൂർ സ്വദേശി വൈശാൽ (27), സുകില (20), അനാമിക (20) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ കടലൂർ ജില്ലാ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഗൗരി നന്ദ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചതെന്നാണ് വിവരം. സംഭവത്തിൽ അണ്ണാമലൈനഗർ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
What's Your Reaction?






