തൊണ്ടിമുതൽ അട്ടിമറി: മുൻ മന്ത്രി ആന്‍റണി രാജുവിന് മൂന്ന് വർഷം തടവ്; സുപ്രധാന വിധിയുമായി കോടതി
നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിക്ക് മൂന്ന് വർഷം തടവും പിഴയും ശിക്ഷ വിധിച്ചത്
തിരുവനന്തപുരം: മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ, ലഹരിക്കേസിലെ തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ മുൻ മന്ത്രിയും എം.എൽ.എയുമായ ആന്റണി രാജു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിക്ക് മൂന്ന് വർഷം തടവും പിഴയും ശിക്ഷ വിധിച്ചത്.
തെളിവ് നശിപ്പിക്കലിന് മൂന്ന് വർഷം തടവും 10,000 രൂപ പിഴയും കള്ളത്തെളിവ് ഉണ്ടാക്കലിന് മൂന്ന് വർഷം തടവും ഗൂഢാലോചനയ്ക്ക് ആറ് മാസം തടവുശിക്ഷയ്ക്കുമാണ് കോടതി വിധിച്ചത്. ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. കേസിൽ ഒന്നാം പ്രതിയായ മുൻ കോടതി ക്ലർക്ക് ജോസിന് ഉദ്യോഗസ്ഥ വഞ്ചനയ്ക്ക് ഒരു വർഷം അധിക തടവും കോടതി വിധിച്ചു. അതേസമയം, വിധിക്ക് പിന്നാലെ ഇരു പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.
1990 ഏപ്രിൽ 4-ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിവസ്ത്രത്തിൽ ചരസ് ഒളിപ്പിച്ചു കടത്തിയതിന് ഓസ്‌ട്രേലിയൻ പൗരനായ ആൻഡ്രൂ സാൽവത്തോർ പിടിയിലായിരുന്നു. ഈ കേസിലെ പ്രതിയെ രക്ഷിക്കാനായി, തിരുവനന്തപുരം ബാറിലെ അഭിഭാഷകനായിരുന്ന ആന്റണി രാജു കോടതി ക്ലർക്കിന്റെ സഹായത്തോടെ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റി മറ്റൊന്ന് വെച്ചുവെന്നാണ് കേസ്.
തൊണ്ടിമുതലായ അടിവസ്ത്രം പ്രതിക്ക് പാകമാകില്ലെന്ന് കണ്ട് ഹൈക്കോടതി പ്രതിയെ വെറുതെ വിട്ടിരുന്നു. എന്നാൽ കോടതി കസ്റ്റഡിയിലിരുന്ന തൊണ്ടിമുതലിൽ കൃത്രിമം നടന്നുവെന്ന് പിന്നീട് തെളിയുകയായിരുന്നു. നീതിന്യായ വ്യവസ്ഥയെ തന്നെ തെറ്റിദ്ധരിപ്പിക്കാൻ ഒരു ജനപ്രതിനിധിയും ഉദ്യോഗസ്ഥനും ചേർന്ന് നടത്തിയ ഈ കുറ്റകൃത്യം അതീവ ഗൗരവത്തോടെയാണ് കോടതി വീക്ഷിച്ചത്.
What's Your Reaction?

