കേരളത്തിനും വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ; ആദ്യ സർവീസ് ജനുവരി പകുതിയോടെ
ജനുവരി പകുതിയോടെ രാജ്യത്തെ ആദ്യ സ്ലീപ്പർ സർവീസ് ആരംഭിക്കും
ന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ അനുവദിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനുവരി പകുതിയോടെ രാജ്യത്തെ ആദ്യ സ്ലീപ്പർ സർവീസ് ആരംഭിക്കും.
ആദ്യ സർവീസ് ബംഗാൾ - അസം റൂട്ടിൽ പശ്ചിമ ബംഗാളിലെ ഹൗറയെയും അസമിലെ ഗുവാഹത്തിയെയും ബന്ധിപ്പിച്ചുകൊണ്ടായിരിക്കും ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഓടുക. വന്ദേഭാരത് ചെയർകാർ ട്രെയിനുകൾക്ക് ലഭിച്ച മികച്ച പ്രതികരണമാണ് സ്ലീപ്പർ പതിപ്പും വേഗത്തിൽ പുറത്തിറക്കാൻ റെയിൽവേയെ പ്രേരിപ്പിച്ചത്.
പൂർണമായും തദ്ദേശീയമായി നിർമ്മിച്ച ഈ ട്രെയിനിൽ അത്യാധുനികമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുണ്ട്. 16 കോച്ചുകളിലായി 833 യാത്രക്കാർക്ക് ഒരേസമയം യാത്ര ചെയ്യാം. അപകടങ്ങൾ ഒഴിവാക്കാൻ 'കവച്' സുരക്ഷാ സംവിധാനവും, അടിയന്തര ഘട്ടങ്ങളിൽ ആശയവിനിമയം നടത്താൻ 'ടോക്ക് ബാക്ക്' സിസ്റ്റവും സജ്ജമാണ്.
ഓട്ടമാറ്റിക് വാതിലുകൾ, മികച്ച നിലവാരമുള്ള ബെർത്തുകൾ, അണുമുക്തമായ അന്തരീക്ഷം, ഓക്സിജൻ ലഭ്യത ഉറപ്പാക്കുന്ന സംവിധാനങ്ങൾ എന്നിവ പ്രത്യേകതകളാണ്. വരാനിരിക്കുന്ന സർവീസുകൾ അടുത്ത ആറ് മാസത്തിനുള്ളിൽ എട്ട് ട്രെയിനുകൾ കൂടി സർവീസിന് സജ്ജമാകും. ഈ വർഷം അവസാനത്തോടെ ആകെ 12 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ട്രാക്കിലിറക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്. കേരളത്തിനുള്ള ട്രെയിനുകൾ എന്നാണ് അനുവദിക്കുക എന്ന കാര്യത്തിൽ മന്ത്രി കൃത്യമായ തീയതി വ്യക്തമാക്കിയിട്ടില്ലെങ്കിലും മുൻഗണനാ പട്ടികയിൽ കേരളവുമുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
What's Your Reaction?

