അബുദാബിയിൽ വാഹനാപകടം: മലയാളി കുടുംബത്തിലെ മൂന്ന് കുട്ടികളുൾപ്പെടെ നാലുപേർ മരിച്ചു
മരിച്ചവരുടെ മൃതദേഹങ്ങളും ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്
അബുദാബി: യുഎഇയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ മൂന്ന് കുട്ടികളുൾപ്പെടെ നാലുപേർ മരിച്ചു. മലപ്പുറം കൊണ്ടോട്ടി പുളിയക്കോട് സ്വദേശി അബ്ദുൽ ലത്തീഫിന്റെ മക്കളായ ഫാത്തിമ (13), ആയിഷ (10), മുഹമ്മദ് (5) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം യാത്ര ചെയ്തിരുന്ന വീട്ടുജോലിക്കാരി കോഴിക്കോട് സ്വദേശിനി ബുഷ്റയും അപകടത്തിൽ മരണപ്പെട്ടു.
അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്ന അബ്ദുൽ ലത്തീഫിനും ഭാര്യ റുഖ്സാനക്കും പരിക്കേറ്റു. ഇതിൽ റുഖ്സാനയുടെ നില ഗുരുതരമാണെന്നാണ് വിവരം. അബുദാബിയിലെ ഷെയ്ഖ് ശഖ്ബൂത്ത് മെഡിക്കൽ സിറ്റിയിൽ (പഴയ മഫ്റാഖ് ആശുപത്രി) ഇവരെ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചവരുടെ മൃതദേഹങ്ങളും ഇതേ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.
വർഷങ്ങളോളം സൗദി അറേബ്യയിലെ ജിദ്ദയിലും റിയാദിലും ജോലി ചെയ്തിരുന്ന അബ്ദുൽ ലത്തീഫ് അടുത്ത കാലത്താണ് കുടുംബത്തോടൊപ്പം അബുദാബിയിലേക്ക് താമസം മാറിയത്. അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾക്കായി പ്രവാസി സന്നദ്ധ സംഘടനകളും ബന്ധുക്കളും രംഗത്തുണ്ട്.
What's Your Reaction?