ലഹരി മാഫിയയെ ഉന്മൂലനം ചെയ്യും; വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

Jul 27, 2026 - 21:31
Jul 27, 2026 - 21:31
 0
ലഹരി മാഫിയയെ ഉന്മൂലനം ചെയ്യും; വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

കാസർകോട്: ലഹരി മാഫിയയുമായി യാതൊരുവിധ ചർച്ചകൾക്കും തയ്യാറല്ലെന്നും അവരുടെ ഉന്മൂലനാശം മാത്രമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ആഭ്യന്തരം, വിജിലൻസ്, കയർ വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. കാസർകോട് നായന്മാർമൂല തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പൊലീസ് സംഘടിപ്പിച്ച 'ഓപ്പറേഷൻ തൂഫാൻ ജാഗരൻ' ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസർകോടിന്റെ മണ്ണിൽ ലഹരിയുടെ വേരോട്ടം അനുവദിക്കില്ലെന്നും ലഹരി കടത്ത് തടയാൻ സംസ്ഥാന അതിർത്തികളിൽ തൂഫാൻ സേനയെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലഹരി മാഫിയയിൽ പ്രവർത്തിക്കുന്നവർക്കെതിരെ കാപ്പ ചുമത്തുകയും അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്യും.

മയക്കുമരുന്നിനെതിരെ 14 ജില്ലകളിലും ശക്തമായ പ്രതിരോധം തീർക്കുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതാണെന്നും ഓപ്പറേഷൻ തൂഫാനിലൂടെ സർക്കാർ ആ ദൗത്യം ഏറ്റെടുത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. മുൻപ് കാഞ്ഞങ്ങാട് കനത്ത മഴയത്തും ആയിരങ്ങൾ അണിനിരന്ന ലഹരിവിരുദ്ധ പരിപാടിയുടെ തുടർച്ചയായാണ് ഈ പ്രവർത്തനങ്ങൾ. കാസർകോട് മേൽപറമ്പ് മൈലാട്ടിയിൽ 'ക്ലീൻ കമ്പനി' എന്ന പേരിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിൽ ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ നിർദേശപ്രകാരം നടത്തിയ പരിശോധനയിൽ വർണ്ണക്കടലാസിൽ പൊതിഞ്ഞ ലഹരി മിഠായികൾ കണ്ടെത്തിയിരുന്നു. വിദ്യാർത്ഥികളുടെ ഭാവി തകർക്കാൻ ശ്രമിച്ച ഈ സ്ഥാപനം പൂട്ടിച്ച് 16 പേരെ അറസ്റ്റ് ചെയ്യാൻ പൊലീസിന് സാധിച്ചു. ഇതിൽ നാലുപേർ ഇപ്പോഴും ജയിലിലാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

What's Your Reaction?

like

dislike

love

funny

angry

sad

wow