വൈരമുത്തുവിന് ജ്ഞാനപീഠം; പുരസ്കാരം 23 വർഷത്തിന് ശേഷം തമിഴിലേക്ക്
11 ലക്ഷം രൂപയും വാഗ്‌ദേവതയുടെ ശില്പവും പ്രശസ്തി പത്രവുമാണ് പുരസ്കാരം
ചെന്നൈ: പ്രശസ്ത തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് 2025-ലെ ജ്ഞാനപീഠ പുരസ്കാരം.
സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് ഈ പുരസ്കാരം. അഖിലൻ (1975), ജയകാന്തൻ (2002) എന്നിവർക്ക് ശേഷം ജ്ഞാനപീഠം നേടുന്ന മൂന്നാമത്തെ തമിഴ് സാഹിത്യകാരനാണ് വൈരമുത്തു.
11 ലക്ഷം രൂപയും വാഗ്‌ദേവതയുടെ ശില്പവും പ്രശസ്തി പത്രവുമാണ് പുരസ്കാരം. മികച്ച ഗാനരചയിതാവിനുള്ള ദേശീയ പുരസ്കാരം ഏഴുതവണ നേടിയിട്ടുള്ള വൈരമുത്തു, ആധുനിക തമിഴ് സാഹിത്യത്തിലെയും സിനിമയിലെയും പ്രമുഖ വ്യക്തിത്വമാണ്.
2002-ന് ശേഷം ആദ്യമായാണ് തമിഴ് ഭാഷയെത്തേടി ജ്ഞാനപീഠ പുരസ്കാരം എത്തുന്നത്. പുരസ്കാര നേട്ടത്തിനൊപ്പം തന്നെ വൈരമുത്തുവിനെതിരെയുള്ള പഴയ മീ ടൂ ആരോപണങ്ങളും ചർച്ചയാകുന്നുണ്ട്. 2018-ൽ ഗായിക ചിന്മയി ശ്രീപദയാണ് വൈരമുത്തുവിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്.
സ്വിറ്റ്സർലൻഡിലെ പരിപാടിക്കിടെ വൈരമുത്തു മോശമായി പെരുമാറിയെന്നായിരുന്നു ചിന്മയിയുടെ വെളിപ്പെടുത്തൽ. ചിന്മയിക്ക് പിന്നാലെ മറ്റ് ചില ഗായികമാരും വൈരമുത്തുവിനെതിരെ രംഗത്തെത്തിയിരുന്നു. ഈ ആരോപണങ്ങളെല്ലാം അക്കാലത്ത് തന്നെ വൈരമുത്തു നിഷേധിച്ചിരുന്നു. എന്നാൽ അദ്ദേഹം കള്ളം പറയുകയാണെന്ന നിലപാടിൽ ചിന്മയി ഉറച്ചുനിൽക്കുകയാണ്. ജ്ഞാനപീഠം പോലുള്ള വലിയൊരു പുരസ്കാരം വൈരമുത്തുവിനെ തേടിയെത്തിയതിൽ പ്രതിഷേധം രേഖപ്പെടുത്തി സാമൂഹിക മാധ്യമങ്ങളിൽ പലരും രംഗത്തെത്തുന്നുണ്ട്.
What's Your Reaction?