സൽമാൻ ആഘയ്ക്ക് ഐസിസിയുടെ ശിക്ഷാ നടപടി; റണ്ണൗട്ട് വിവാദത്തിന് പിന്നാലെ ബാറ്റും ഗ്ലൗസും വലിച്ചെറിഞ്ഞു; ഡ്രസ്സിങ് റൂമിലും രോഷപ്രകടനം

ഐസിസിയുടെ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.2 ലംഘിച്ചതിനാണ് നടപടി

Mar 14, 2026 - 21:58
Mar 14, 2026 - 21:58
 0
സൽമാൻ ആഘയ്ക്ക് ഐസിസിയുടെ ശിക്ഷാ നടപടി; റണ്ണൗട്ട് വിവാദത്തിന് പിന്നാലെ ബാറ്റും ഗ്ലൗസും വലിച്ചെറിഞ്ഞു; ഡ്രസ്സിങ് റൂമിലും രോഷപ്രകടനം

മിര്‍പുര്‍: ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിലെ റണ്ണൗട്ടിന് പിന്നാലെ മൈതാനത്ത് മോശമായി പെരുമാറിയ പാകിസ്ഥാൻ താരം സൽമാൻ ആഘയ്ക്ക് ഐസിസിയുടെ (ICC) താക്കീത്. താരത്തിന്റെ അക്കൗണ്ടിൽ ഒരു ഡിമെറിറ്റ് പോയിന്റും ചുമത്തിയിട്ടുണ്ട്.

ഐസിസിയുടെ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.2 ലംഘിച്ചതിനാണ് നടപടി. അന്താരാഷ്ട്ര മത്സരത്തിനിടെ ക്രിക്കറ്റ് ഉപകരണങ്ങളോ ഗ്രൗണ്ടിലെ സൗകര്യങ്ങളോ ദുരുപയോഗം ചെയ്യുന്നത് ഈ നിയമപ്രകാരം കുറ്റകരമാണ്.

മത്സരത്തിന്റെ 39-ാം ഓവറിലായിരുന്നു നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. ബംഗ്ലാദേശ് നായകൻ മെഹദി ഹസൻ മിറാസ് എറിഞ്ഞ പന്ത് മുഹമ്മദ് റിസ്വാൻ നേരിട്ടുള്ള ഡ്രൈവ് കളിച്ചു. പന്ത് നോൺ സ്‌ട്രൈക്കറായ ആഘയുടെ നേരെയാണ് വന്നത്. പന്ത് കാലുകൊണ്ട് തടുത്തിട്ട മെഹദി ഹസനെ സഹായിക്കാനായി ആഘ കുനിഞ്ഞപ്പോൾ, മെഹദി മിന്നൽവേഗത്തിൽ പന്തെടുത്ത് സ്റ്റംപ് തെറിപ്പിക്കുകയായിരുന്നു. ഈ സമയം ആഘ ക്രീസിന് പുറത്തായിരുന്നു.

ബംഗ്ലാദേശ് താരങ്ങൾ അപ്പീൽ ചെയ്തതോടെ തീരുമാനം തേർഡ് അമ്പയർക്ക് വിട്ടു. ചട്ടപ്രകാരം ആഘ ഔട്ടാണെന്ന് അമ്പയർ വിധിച്ചു. ഔട്ട് വിധിച്ചതിന് പിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ട സൽമാൻ ആഘ മൈതാനത്ത് വെച്ച് തന്നെ തന്റെ നിരാശ പരസ്യമായി പ്രകടിപ്പിച്ചു. ദേഷ്യത്തോടെ ബാറ്റും ഗ്ലൗസും ഹെൽമറ്റും താരം മൈതാനത്ത് വലിച്ചെറിഞ്ഞു.

പിച്ചിൽ നിന്ന് മടങ്ങിയ ശേഷവും ശാന്തനാകാതിരുന്ന താരം ഡ്രസ്സിങ് റൂമിലെത്തിയ ശേഷവും തന്റെ കായിക ഉപകരണങ്ങൾ വലിച്ചെറിഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു. ഫീൽഡ് അമ്പയർമാർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഐസിസി മാച്ച് റഫറി നടപടി സ്വീകരിച്ചത്. താരം കുറ്റം സമ്മതിച്ചതിനാൽ ഔദ്യോഗികമായ വാദം കേൾക്കൽ ഒഴിവാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow