പൊലീസ് സംഘടനകളിൽ അഴിച്ചുപണി: സംഘടനകളുടെ എണ്ണം രണ്ടാക്കി ചുരുക്കി ആഭ്യന്തരവകുപ്പ്
തിരുവനന്തപുരം∙ പൊലീസ് സംഘടനകളിൽ വലിയ അഴിച്ചുപണിയുമായി സംസ്ഥാന ആഭ്യന്തരവകുപ്പ്. അംഗത്വ ഘടനയിൽ മാറ്റം വരുത്തി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയതോടെ നിലവിലുള്ള സംഘടനകളുടെ എണ്ണം മൂന്നിൽ നിന്ന് രണ്ടായി കുറഞ്ഞു. കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ (കെപിഒഎ) ഇല്ലാതായി, പകരം എസ്‌ഐ മുതൽ എസ്പിമാർ (നോൺ ഐപിഎസ്) വരെയുള്ളവരെ ഉൾപ്പെടുത്തി കേരള പൊലീസ് സീനിയർ ഓഫീസേഴ്‌സ് അസോസിയേഷൻ (കെപിഎസ്ഒഎ) രൂപീകരിക്കും. കേരള പൊലീസ് അസോസിയേഷനാണ് രണ്ടാമത്തെ സംഘടന.
പുതിയ ഉത്തരവ് പ്രകാരം സിവിൽ പൊലീസ് ഓഫീസർ (സിപിഒ) മുതൽ ഗ്രേഡ് എസ്‌ഐ വരെയുള്ള ഉദ്യോഗസ്ഥർ കേരള പൊലീസ് അസോസിയേഷന്റെ ഭാഗമാകും. സെപ്റ്റംബർ 30-നകം തിരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികളെ തീരുമാനിക്കും. രണ്ടു വർഷമായിരിക്കും ഇവരുടെ കാലാവധി. തിരഞ്ഞെടുപ്പ് വരെ ഭരണപരമായ കാര്യങ്ങൾ നിർവഹിക്കാൻ സംസ്ഥാന, ജില്ലാതലങ്ങളിൽ അഡ്‌ഹോക് കമ്മിറ്റികൾ രൂപീകരിക്കും.
നേരത്തെ കേരള പൊലീസ് അസോസിയേഷൻ (സിപിഒ- സീനിയർ സിപിഒ), കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ (എഎസ്‌ഐ - ഇൻസ്പെക്ടർ), സർവീസ് ഓഫീസേഴ്‌സ് അസോസിയേഷൻ (ഡിവൈഎസ്പി - എസ്പി) എന്നിങ്ങനെ മൂന്ന് സംഘടനകളാണുണ്ടായിരുന്നത്. ഇതിൽ സർവീസ് ഓഫീസേഴ്‌സ് അസോസിയേഷനിൽ കേവലം 370 അംഗങ്ങൾ മാത്രമാണുണ്ടായിരുന്നത്. അംഗസംഖ്യ കുറവായതിനാൽ സമ്മേളനങ്ങൾ പോലും ചേരാൻ സാധിക്കുന്നില്ലെന്ന പരാതി പരിഗണിച്ചാണ് എസ്‌ഐ മുതൽ എസ്പിമാർ വരെയുള്ളവരെ സീനിയർ ഓഫീസേഴ്‌സ് അസോസിയേഷന് കീഴിൽ ഒറ്റ സംഘടനയാക്കി മാറ്റിയത്.
What's Your Reaction?



