ലോക സിനിമയുടെ നെറുകയിൽ 'റോട്ടൻ സൊസൈറ്റി'; ജൂലൈ 19ന് ഒടിടി റിലീസ്
തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ ചരിത്രനേട്ടവുമായി മലയാള ചിത്രം 'റോട്ടൻ സൊസൈറ്റി'. ലോകമെമ്പാടുമുള്ള 100-ലധികം ചലച്ചിത്ര മേളകളിൽ നിന്ന് 150 പുരസ്കാരങ്ങൾ നേടിയ ചിത്രം, ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ നേടിയ ഫൗണ്ട് ഫൂട്ടേജ് ഫീച്ചർ ഫിലിം എന്ന നേട്ടത്തോടെ അമേരിക്ക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി.
എസ്.എസ്. ജിഷ്ണു ദേവ് രചനയും സംവിധാനവും നിർവഹിച്ച ചിത്രം പ്രമുഖ അമേരിക്കൻ ഒടിടി പ്ലാറ്റ്ഫോമായ പി.ഒ.വി ഹൊററിലൂടെ ജൂലൈ 19ന് റിലീസ് ചെയ്യും. വരാഹ ഫിലിംസിന്റെ ബാനറിൽ ജിനു സെലിനും സ്നേഹൽ റാവുവും ചേർന്നാണ് നിർമ്മാണം.
സോഷ്യൽ സറ്റയർ-ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രം, കാണാതാകുന്ന ഒരു വാർത്താ റിപ്പോർട്ടറുടെയും അദ്ദേഹത്തിന്റെ ക്യാമറയെയും ചുറ്റിപ്പറ്റിയാണ് കഥ പറയുന്നത്. രാഷ്ട്രീയ ഗൂഢാലോചനകളും കൊലപാതകങ്ങളും അധികാര അഴിമതിയും ഫൗണ്ട് ഫൂട്ടേജ് ശൈലിയിൽ അവതരിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. വ്യത്യസ്തമായ അവതരണശൈലിയും ശക്തമായ സാമൂഹിക വിമർശനവും കൊണ്ട് രാജ്യാന്തരതലത്തിൽ ശ്രദ്ധ നേടിയ ചിത്രം മലയാള സിനിമയ്ക്ക് മറ്റൊരു അഭിമാന നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.
What's Your Reaction?



