കാസ്പിയൻ കടലിൽ പുതിയ യുദ്ധമുഖം തുറന്ന് യുക്രൈൻ; ഇറാനിയൻ കപ്പൽ തകർത്തു, സംഘർഷം ആഗോള തലത്തിലേക്ക്

Jul 27, 2026 - 21:19
Jul 27, 2026 - 21:20
 0
കാസ്പിയൻ കടലിൽ പുതിയ യുദ്ധമുഖം തുറന്ന് യുക്രൈൻ; ഇറാനിയൻ കപ്പൽ തകർത്തു, സംഘർഷം ആഗോള തലത്തിലേക്ക്

വിവിധ യുദ്ധമുന്നണികളിലൂടെ റഷ്യ യുക്രൈനിൽ കനത്ത ആക്രമണം തുടങ്ങി നാലരവർഷം പിന്നിടുമ്പോഴും പോരാട്ടം അനന്തമായി നീളുകയാണ്. സൈനികശക്തിയിൽ ബഹുദൂരം മുന്നിലുള്ള റഷ്യക്ക് വൊളോദിമർ സെലൻസ്‌കി നയിക്കുന്ന യുക്രൈൻ വലിയ വെല്ലുവിളിയാകില്ലെന്ന വിലയിരുത്തലുകൾ നേരത്തെതന്നെ തെറ്റിയിരുന്നു. മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെയും യൂറോപ്യൻ രാജ്യങ്ങളുടെയും പിന്തുണയായിരുന്നു അന്ന് യുക്രൈന്റെ കരുത്ത്. എന്നാൽ, ഇന്ന് സൗജന്യ സഹായങ്ങളിൽ താൽപ്പര്യമില്ലാത്ത ഡൊണാൾഡ് ട്രംപാണ് അമേരിക്കൻ പ്രസിഡന്റ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള യൂറോപ്പിനും പഴയതുപോലെ സഹായിക്കാനാകുന്നില്ല. എങ്കിലും റഷ്യയ്ക്ക് കനത്ത ആഘാതമേൽപ്പിച്ച് തന്ത്രപരവും മനശാസ്ത്രപരവുമായ മുൻതൂക്കം നിലനിർത്താൻ യുക്രൈന് സാധിക്കുന്നുണ്ട്.

ഇതിനിടെ, ഈ വർഷം ഫെബ്രുവരി 28-ന് ആരംഭിച്ച യുഎസ്-ഇറാൻ യുദ്ധവും നീണ്ടുപോകുമെന്ന സൂചനകളാണ് നൽകുന്നത്. ജൂണിലെ താൽക്കാലിക വെടിനിർത്തൽ ലംഘിക്കപ്പെട്ടതിനെ തുടർന്ന് 13 ദിവസമാണ് അമേരിക്ക ഇറാനിൽ ബോംബ വർഷിച്ചത്. നിലവിൽ സമാധാന ചർച്ചകൾക്കായി ആക്രമണം നിർത്തിവെച്ചിരിക്കുകയാണെന്ന് ട്രംപ് അവകാശപ്പെടുമ്പോഴും, ആയുധശേഖരത്തിലെ കുറവാണ് അമേരിക്കയെ പിന്തിരിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. അടിച്ചാൽ തിരിച്ചടിക്കുമെന്ന മുന്നറിയിപ്പോടെ ഇറാനും താൽക്കാലികമായി ആക്രമണങ്ങൾ നിർത്തിയിട്ടുണ്ട്.

എന്നാൽ, ഇതിനിടയിലാണ് കാസ്പിയൻ കടലിൽ വെച്ച് ഇറാനിയൻ ചരക്കുകപ്പലിനെ ദീർഘദൂര ഡ്രോൺ ഉപയോഗിച്ച് യുക്രൈൻ തകർത്തത്. റഷ്യയും ഇറാനും ആയുധ കൈമാറ്റത്തിന് സുരക്ഷിത താവളമായി കരുതിയിരുന്ന കാസ്പിയൻ കടലിലേക്ക് യുക്രൈൻ യുദ്ധം വ്യാപിപ്പിച്ചത് സ്വന്തം തീരുമാനപ്രകാരമാണോ അതോ യുഎസ്-ഇസ്രയേൽ നിർദ്ദേശപ്രകാരമാണോ എന്ന് വ്യക്തമല്ല. റഷ്യ യുക്രൈനെതിരെ ഉപയോഗിക്കുന്ന ഷഹീദ് ഡ്രോണുകൾ നൽകുന്നത് ഇറാനാണ്; പകരം ഐആർജിസിക്ക് (IRGC) യുദ്ധത്തിനായുള്ള ഉപഗ്രഹവിവരങ്ങൾ റഷ്യ നൽകുന്നതായും ആരോപണമുണ്ട്.

തങ്ങളുടെ വാണിജ്യ കപ്പലിന് നേർക്കുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാന്റെ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ആക്രമണത്തിന് ശക്തമായ മറുപടി നൽകുമെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നൽകി. ഇത് യുഎൻ ചാർട്ടറിന്റെ ലംഘനമാണെന്നും ഇസ്രയേലിന്റെ നിർദ്ദേശപ്രകാരം യൂറോപ്പിനെ യുദ്ധത്തിലേക്ക് വലിച്ചിഴക്കാനുള്ള നീക്കമാണെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, റഷ്യയുടെ ആയുധ വിതരണ ശൃംഖല തകർക്കാനാണ് ഈ ആക്രമണമെന്നാണ് യുക്രൈന്റെ വിശദീകരണം. റഷ്യയിലെ യെലാബുഗ ഫാക്ടറിയിലേക്ക് ഷഹീദ് ഡ്രോൺ ഘടകങ്ങളും ബാലിസ്റ്റിക് മിസൈൽ ഉപകരണങ്ങളും എത്തിക്കുന്നത് കാസ്പിയൻ കടൽ വഴിയാണ്. റഷ്യയ്ക്ക് ആയുധങ്ങൾ എത്തിക്കുന്ന ഏത് കപ്പലും അന്താരാഷ്ട്ര യുദ്ധ നിയമപ്രകാരം സൈനിക ലക്ഷ്യമായി കണക്കാക്കുമെന്നും യുക്രൈൻ പ്രഖ്യാപിച്ചു. കാസ്പിയൻ കടലിലെ ഈ കടന്നാക്രമണത്തോടെ പശ്ചിമേഷ്യയിലെയും കിഴക്കൻ യൂറോപ്പിലെയും പോരാട്ടങ്ങൾ കൂടിച്ചേർന്ന് ഒരൊറ്റ വലിയ യുദ്ധമുഖമായി മാറിയിരിക്കുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow