വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്: ഒരാൾക്ക് പരിക്ക്, അക്രമിയെ സുരക്ഷാസേന വധിച്ചു
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപം ശനിയാഴ്ച വൈകിട്ട് കനത്ത വെടിവെപ്പ്. വൈറ്റ് ഹൗസിന് പുറത്തുള്ള യുഎസ് സീക്രട്ട് സർവീസ് സുരക്ഷാ ബൂത്തിന് നേരെ വെടിയുതിർത്ത അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തുതന്നെ വെടിവെച്ചുകൊന്നു. മേരിലാൻഡ് സ്വദേശിയായ 21 കാരൻ നാസിർ ബെസ്റ്റാണ് (Nasire Best) ആക്രമണം നടത്തിയതെന്ന് അധികൃതർ സ്ഥിരീകരിച്ചു.
വെടിവെപ്പിൽ സംഭവസ്ഥലത്തുണ്ടായിരുന്ന ഒരു വഴിയാത്രക്കാരന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. സംഭവസമയം ഇറാനുമായുള്ള കരാർ ചർച്ചകളുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിലെ ഓഫീസിലുണ്ടായിരുന്നുവെന്നും അദ്ദേഹം പൂർണ്ണ സുരക്ഷിതനാണെന്നും അധികൃതർ വ്യക്തമാക്കി. കൊല്ലപ്പെട്ട നാസിർ ബെസ്റ്റിന് കടുത്ത മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായാണ് വിവരം. മുൻപും വൈറ്റ് ഹൗസ് പരിസരത്ത് അതിക്രമിച്ച് കടക്കാൻ ശ്രമിച്ച ഇയാൾക്ക് വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള കോടതി ഉത്തരവ് നിലവിലുണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് എഫ്.ബി.ഐ (FBI) വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
What's Your Reaction?

