മിന്നൽ ഫൈസൽ വധക്കേസ്; പ്രതി അൻസിൽ അറസ്റ്റിൽ
തിരുവനന്തപുരം: കാപ്പ കേസ് പ്രതി മിന്നൽ ഫൈസലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലമ്പലം നാവായിക്കുളം സബീന മൻസിലിൽ അൻസിൽ (26) ആണ് പിടിയിലായത്.
നിരവധി കേസുകളിലെ പ്രതിയായ മുട്ടപ്പലം പ്ലാവിള പുത്തൻവീട്ടിൽ മിന്നൽ ഫൈസലിന്റെ (45) ജീർണിച്ച മൃതദേഹം ഈ മാസം ആദ്യം ആളൊഴിഞ്ഞ വീട്ടിൽ നിന്നാണ് കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിൽ തലയ്ക്ക് ആഴത്തിലുള്ള മുറിവ് കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി.
മോഷണ മുതൽ പങ്കിടുന്നതുമായി ബന്ധപ്പെട്ട് മദ്യലഹരിയിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. ജൂൺ 20നാണ് കൊലപാതകം നടന്നതെന്നും ജൂലൈ ഒന്നിനാണ് മൃതദേഹം കണ്ടെത്തിയതെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
ഭക്ഷണം എത്തിച്ച ഓട്ടോറിക്ഷ ഡ്രൈവറിൽ നിന്ന് ലഭിച്ച ചെറിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാട്ടിലെ സിസിടിവി ദൃശ്യങ്ങൾ വ്യാപകമായി പരിശോധിച്ചാണ് പ്രതിയിലേക്ക് പൊലീസ് എത്തിയത്. അൻസിൽ മൊബൈൽ ഫോൺ ഉപയോഗിക്കാത്തത് അന്വേഷണത്തിന് വെല്ലുവിളിയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ആറ്റിങ്ങൽ നഗരത്തിലെ സിസിടിവി ദൃശ്യങ്ങളിൽ പ്രതിക്ക് സമാനരൂപമുള്ളയാളെ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് അൻസിലിലേക്ക് എത്തിച്ചത്. ബോട്ട് മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
അൻസിൽ കല്ലമ്പലം സ്റ്റേഷനിലെ വധശ്രമക്കേസിലും ചിറയിൻകീഴ് സ്റ്റേഷനിലെ മോഷണക്കേസിലും ചെന്നൈയിലെ എൻഡിപിഎസ് കേസിലും പ്രതിയാണ്. വിവിധ പൊലീസ് സ്റ്റേഷനുകളിലായി 25ഓളം കേസുകളിൽ പ്രതിയായിരുന്ന മിന്നൽ ഫൈസൽ കാപ്പ കേസിൽ പൂജപ്പുര ജയിലിൽ റിമാൻഡിലായിരുന്നുവെന്നും മൂന്ന് ആഴ്ച മുൻപാണ് ജാമ്യത്തിൽ പുറത്തിറങ്ങിയതെന്നും പൊലീസ് അറിയിച്ചു.
റൂറൽ എസ്.പി. പ്രശാന്തൻ കാണിയുടെ നിർദേശപ്രകാരം ആറ്റിങ്ങൽ ഡിവൈഎസ്.പി. ജി. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് തെളിയിച്ചത്.
What's Your Reaction?



