പൊലീസ് സ്റ്റേഷനിൽ യുവാവിന്റെ ആക്രമണം; രണ്ട് എഎസ്ഐമാർക്ക് പരുക്ക്

Jul 9, 2026 - 22:25
Jul 9, 2026 - 22:26
 0
പൊലീസ് സ്റ്റേഷനിൽ യുവാവിന്റെ ആക്രമണം; രണ്ട് എഎസ്ഐമാർക്ക് പരുക്ക്

ആലപ്പുഴ: ബന്ധുക്കൾ തമ്മിലുള്ള തർക്കവുമായി ബന്ധപ്പെട്ട പരാതിയിൽ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ യുവാവ് അക്രമാസക്തനായി. സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു.

ഇന്ന് വൈകിട്ട് കായംകുളം പൊലീസ് സ്റ്റേഷനിലായിരുന്നു സംഭവം. കായംകുളം സ്വദേശിയായ റൈസൽ (32) നെയാണ് പരാതിയെ തുടർന്ന് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്.

പരാതിക്കാരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിനിടെ റൈസൽ അക്രമാസക്തനായതിനെ തുടർന്ന് പൊലീസ് ഇയാളെ സെല്ലിലേക്ക് മാറ്റി. ഇതിനിടെ പാന്റ്സ് ഊരി സെല്ലിലെ കമ്പിയിൽ കുരുക്കിട്ട് തൂങ്ങാൻ ശ്രമിച്ചതായും പൊലീസ് അറിയിച്ചു.

ഇയാളെ തടയാൻ ശ്രമിക്കുന്നതിനിടെയാണ് എഎസ്ഐമാരായ പ്രിയ, സജീവ് കുമാർ എന്നിവരെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. പരുക്കേറ്റ ഇരുവരും ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

സംഭവത്തിൽ റൈസലിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow