നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ വൈകിയെന്ന് പരാതി; രോഗി മരിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി മന്ത്രി

Jul 9, 2026 - 22:20
Jul 9, 2026 - 22:20
 0
നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ വൈകിയെന്ന് പരാതി; രോഗി മരിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി മന്ത്രി

തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ചെന്ന ആരോപണത്തിൽ റിപ്പോർട്ട് തേടി ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ. ആശുപത്രി സൂപ്രണ്ടിനോടാണ് മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ സെക്യൂരിറ്റി ജീവനക്കാരനെ അന്വേഷണത്തിന്റെ ഭാഗമായി സസ്‌പെൻഡ് ചെയ്തു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

ഇന്ന് രാത്രിയോടെയാണ് സംഭവം. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ നെയ്യാറ്റിൻകര സ്വദേശി രാജേഷ് കുമാർ (52) ആണ് മരിച്ചത്. നെഞ്ചുവേദനയാണെന്ന് അറിയിച്ചിട്ടും സെക്യൂരിറ്റി ജീവനക്കാരൻ ക്യൂവിൽ നിൽക്കാൻ ആവശ്യപ്പെട്ടതായി ബന്ധുക്കൾ ആരോപിച്ചു.

അരമണിക്കൂറോളം കാത്തുനിൽക്കുന്നതിനിടെ രാജേഷ് കുമാർ കുഴഞ്ഞുവീഴുകയായിരുന്നുവെന്നും കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതാണ് മരണകാരണമെന്നും ബന്ധുക്കൾ ആരോപിച്ചു.

സംഭവത്തെ തുടർന്ന് രാജേഷിന്റെ ബന്ധുക്കളും ആശുപത്രി അധികൃതരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് നെയ്യാറ്റിൻകര ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി ബന്ധുക്കളുമായി ചർച്ച നടത്തി. പിന്നാലെ ആശുപത്രി സൂപ്രണ്ട് ജോയ് ജോണും സ്ഥലത്തെത്തി.

ആദ്യഘട്ടത്തിൽ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ തയ്യാറായിരുന്നില്ല. ആശുപത്രി അധികൃതരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ഏറ്റുവാങ്ങുമെന്ന് അവർ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow