വിഴിഞ്ഞം ഓഹരി കൈമാറ്റം: അനുമതി തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി, ആശങ്കയുമായി പ്രതിപക്ഷ നേതാവ്

Jul 1, 2026 - 12:43
Jul 1, 2026 - 12:43
 0
വിഴിഞ്ഞം ഓഹരി കൈമാറ്റം: അനുമതി തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി, ആശങ്കയുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വലിയൊരു പങ്ക് ഓഹരികൾ ലോകത്തെ പ്രമുഖ ഷിപ്പിങ് കമ്പനിയായ എംഎസ്‌സി (MSC) ഗ്രൂപ്പിന് കൈമാറാൻ അദാനി ഗ്രൂപ്പ് നീക്കം നടത്തുന്നതായുള്ള വാർത്തകളിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി. ഡി. സതീശൻ. നിയമസഭയിൽ സേവ്യർ ചിറ്റിലപ്പിള്ളി ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകവെയാണ് മുഖ്യമന്ത്രി ഇക്കാര്യത്തിൽ സർക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്. വാർത്തകൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും എന്നാൽ ഓഹരി കൈമാറ്റത്തിനായി അദാനി ഗ്രൂപ്പ് ഇതുവരെ സർക്കാരിന്റെ ഔദ്യോഗിക അനുമതി തേടിയിട്ടില്ലെന്നും അദ്ദേഹം സഭയെ അറിയിച്ചു.

നിലവിലുള്ള കരാർ പ്രകാരം സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ അദാനി ഗ്രൂപ്പിന് ഓഹരികൾ കൈമാറാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരം വലിയ സാമ്പത്തിക ഇടപാടുകളിൽ ചില പ്രത്യേക കാര്യങ്ങളിൽ കേന്ദ്ര സർക്കാരിന്റെ കൂടി അനുമതി ആവശ്യമുണ്ട്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഫയലുകൾ സർക്കാരിന് മുന്നിൽ എത്തിയാൽ അത് കൃത്യമായി പരിശോധിക്കുമെന്നും, കരാർ കൈമാറ്റം സംബന്ധിച്ച വിവരങ്ങൾ സർക്കാർ തലത്തിൽ അറിയിക്കാൻ കമ്പനിക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, വിഴിഞ്ഞം തുറമുഖത്തെ ഈ വിദേശ നിക്ഷേപ നീക്കത്തിൽ ശക്തമായ ആശങ്ക രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി. ഓഹരി കൈമാറ്റം യാഥാർത്ഥ്യമായാൽ വിഴിഞ്ഞം തുറമുഖത്തിന്റെ നിയന്ത്രണം പൂർണ്ണമായും എംഎസ്‌സി കമ്പനിയുടെ കുത്തകയായി മാറാൻ സാധ്യതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് സഭയിൽ മുന്നറിയിപ്പ് നൽകി.

പ്രതിപക്ഷ നേതാവ് ഉന്നയിച്ച ഈ ആശങ്കകളെ പൂർണ്ണമായും ശരിവെച്ച മുഖ്യമന്ത്രി, സംസ്ഥാനത്തിന്റെ താല്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് മാത്രമേ വിഴിഞ്ഞത്ത് തുടർനടപടികൾ ഉണ്ടാകൂ എന്ന് ഉറപ്പുനൽകി. ദേശീയ സുരക്ഷ ഉറപ്പാക്കുക, പൊതുതാൽപര്യം മുൻനിർത്തുക, ആരോഗ്യകരമായ മത്സര സാധ്യത നിലനിർത്തുക, കൂടുതൽ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുക, ദീർഘവീക്ഷണത്തോടെയുള്ള വികസനം നടപ്പിലാക്കുക എന്നീ അഞ്ച് സുപ്രധാന കാര്യങ്ങൾ കൃത്യമായി പരിശോധിച്ച ശേഷം മാത്രമേ വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ഏത് നീക്കത്തിലും സർക്കാർ അന്തിമ തീരുമാനമെടുക്കൂ എന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow